
കോഴിക്കോട്: സമാനമായ രീതിയില്‍ ആറുപേരുടെ ദുരൂഹമരണത്തില്‍ ഉയര്‍ന്ന പരാതിയില്‍ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്. മരിച്ചവരുടെ കല്ലറ തുറന്ന് വീണ്ടും പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. കോഴിക്കോട് കൂടത്തായിയില്‍ 2002നും 2016നും ഇടയില്‍ നടന്ന ആറു മരണങ്ങളാണ് ദുരൂഹമെന്ന പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
കൂടത്തായി ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ് തോമസ്, എന്നിവരും ഇവരുടെ ബന്ധുക്കളായ മറ്റ് മൂന്നുപേരുമാണ് സമാനരീതിയില്‍ മരിച്ചത്. ആറുപേരും വര്‍ഷങ്ങളുടെ ഇടവേളയില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളില്‍ സംശയമുണ്ടെന്നും ഇതിലെ ദുരൂഹത നീക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുവാണ് പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. 2002ല്‍ ടോം തോമസിന്റെ ഭാര്യ അന്നമയാണ് ആദ്യം മരിക്കുന്നത്. 2008ല്‍ ടോം തോമസും 2011 ല്‍ ടോം തോമസിന്‍റെ മകന്‍ റോയ് തോമസും മരിച്ചു. 2014ല്‍ അന്നമ്മയുടെ സഹേദരനായ മാത്യു മഞ്ചാടിയിലും മരിച്ചു. ഇവരുടെ ബന്ധുവായ കോടഞ്ചേരി സ്വദേശിനിയും ഒരു കുഞ്ഞും 2016ല്‍ മരിച്ചു.
മരിച്ച ആറുപേരില്‍ നാലുപേരുടെ മൃതദേഹം അടക്കിയ കൂട്ടത്തായി ലൂര്‍ദ്ദ് മാതാ പള്ളിയിലെ കല്ലറകളാണ് പരിശോധിക്കുന്നത്. നാളെ രാവിലെ ഒന്‍പതരയ്ക്കാണ് കല്ലറ തുറന്ന് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തുക. മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവയാണ് പരിശോധിക്കുക.
ആറുപേരും കുഴഞ്ഞുവീണാണ് മരിച്ചത്. അതിനാല്‍, ഹൃദയാഘാതമാണ് എല്ലാവരുടെയും മരണത്തിനു കാരണമെന്ന നിഗമനത്തിലാണു കുടുംബാംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. പിന്നീടാണു മരണങ്ങളില്‍ ദുരൂഹത തോന്നിയതും ബന്ധു അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതും.
നാലുപേരുടെ മൃതദേഹം ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. ആവശ്യമെങ്കില്‍ മറ്റു രണ്ടു പേരുടെ മൃതദേഹവും പരിശോധിക്കാനാണു തീരുമാനം. ഫൊറന്‍സിക് പരിശോധന കഴിയുന്നതോടെ ദുരൂഹത നീക്കാന്‍ സാധിക്കുമെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam