
മുംബൈ: കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിയ ഗോയലിന്റെ മൊബൈൽഫോണിൽനിന്ന് വീണ്ടെടുത്ത കൂടുതൽ വിവരങ്ങൾ പുറത്ത്. സിയ ഗോയൽ സുഹൃത്തിനയച്ച സ്നാപ്ചാറ്റ് സന്ദേശങ്ങളും കാമുകനായ ചേതൻ ചൗധരിയുമായി നടത്തിയ സംഭാഷണങ്ങളുമാണ് പൊലീസ് വീണ്ടെടുത്തത്.
ചേതൻ ചൗധരിയും സിയയും പ്രത്യേക കോഡ് ഭാഷയിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് പലകാര്യങ്ങളിലും ആശയവിനിമയം നടത്തിയിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിയയുടെ രണ്ടാമത്തെ മൊബൈൽഫോണിലാണ് ഇത്തരം സംഭാഷണങ്ങളുണ്ടായിരുന്നത്. ഇത് പൂർണമായും വ്യക്തമാകണമെങ്കിൽ സിയയെയും ചേതനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യണമെന്നാണ് പൊലീസിന്റെ ആവശ്യം.
അതിനിടെ, സിയ ഗോയൽ ഒരു സുഹൃത്തുമായി നടത്തിയ സ്നാപ്ചാറ്റ് സംഭാഷണങ്ങളും പുറത്തുവന്നിട്ടുണ്ട്. സുഹൃത്തായ യുവതിയുമായി നടത്തിയ സ്നാപ്ചാറ്റിലെ സംഭാഷണങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുഹൃത്തിന്റെ ഫോണിൽനിന്നുള്ള ഈ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരിക്കലും നടക്കാൻ പോകാത്ത വിവാഹത്തിനായി വിമാനടിക്കറ്റ് ബുക്ക് ചെയ്യാൻ നിന്റെ ആധാർ കാർഡ് അയച്ചുതരൂ എന്നാണ് സ്നാപ്ചാറ്റിൽ സിയ സുഹൃത്തിന് അയച്ച ഒരു സന്ദേശം. കൊലപാതകം നേരത്തേ ആസൂത്രണംചെയ്തതിനും കൃത്യം നടത്തിയശേഷം പിടിക്കപ്പെടാതിരിക്കാനും വേണ്ടി പ്രതി നടത്തിയ തയ്യാറെടുപ്പുകളുമാണ് ഈ സന്ദേശങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. കൊലപാതകത്തിന് ശേഷം സംശയം തോന്നാതിരിക്കാനും വിവാഹത്തിനായുള്ള ഒരുക്കങ്ങൾക്കെല്ലാം താൻ മുൻനിരയിലുണ്ടായിരുന്നതായി കാണിക്കാനായുമാണ് സിയ വിമാനടിക്കറ്റുകൾ ബുക്ക് ചെയ്യാനായി സുഹൃത്തിൽനിന്ന് ആധാർകാർഡ് ചോദിച്ചതെന്നും പൊലീസ് കരുതുന്നു. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്.
പ്രതിശ്രുത വരനും പൂണെയിലെ വ്യവസായിയുമായ കേതൻ അഗർവാളിനെ മലമുകളിൽനിന്ന് തള്ളിയിട്ടാണ് സിയ ഗോയൽ കൊലപ്പെടുത്തിയത്. കേസിൽ സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും അറസ്റ്റിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam