കൊച്ചിയിലെ ഇടപ്പള്ളി കള്ളനോട്ട് കേസിൽ പ്രതികൾക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. വ്യാജ ഇന്ത്യൻ കറൻസികൾ നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്ത കേസിലാണ് ഒന്നാം പ്രതിക്ക് അഞ്ച് വർഷം കഠിനതടവും രണ്ടാം പ്രതിക്ക് മൂന്ന് വർഷം കഠിനതടവും ശിക്ഷ ലഭിച്ചത്.

കൊച്ചി: കള്ളനോട്ട് കേസിലെ പ്രതികൾക്ക് തടവ് ശിക്ഷ. വ്യാജ ഇന്ത്യൻ കറൻസികൾ സ്വന്തമായി നിർമ്മിക്കുകയും കൈവശം വയ്ക്കുകയും വിപണനം നടത്തുകയും ചെയ്ത കേസിലെ പ്രതികൾക്കാണ് തടവ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി വിപിൻ ടോമിക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും രണ്ടാം പ്രതി സുഹൈലിന് മൂന്ന് വർഷം കഠിന തടവും 5,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. എറണാകുളം ആറാം അഡീഷണൽ സെഷൻസ് ജഡ്ജി സിജു ഷെയ്ഖാണ് ശിക്ഷ വിധിച്ചത്.

ഇടപ്പള്ളി നോർത്ത് വില്ലേജിലെ പോണേക്കരയിലെ വാടകവീട്ടിൽ വെച്ച് ഒന്നാം പ്രതി 50, 100, 200, 500 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ നിർമ്മിച്ചെന്നും രണ്ടാം പ്രതിയുമായി ചേർന്ന് ഇവ വിപണനം ചെയ്തെന്നുമായിരുന്നു കേസ്.വ്യാജനോട്ടുകളുമായി ഒന്നാം പ്രതി പിടിയിലായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ഇയാളുടെ വാടകവീട്ടിൽ നിന്ന് കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച ഫോട്ടോസ്റ്റാറ്റ് മെഷീനും മറ്റ് സാമഗ്രികളും പോലീസ് കണ്ടെത്തി. ഒന്നാം പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ പിടികൂടിയത്. ഇയാളുടെ കൈവശവും വ്യാജനോട്ടുകൾ കണ്ടെത്തിയിരുന്നു.