ശവക്കല്ലറ തോണ്ടി തലയോട്ടി ഉൾപ്പെടെ എല്ലിൻ കഷ്ണങ്ങൾ മോഷ്ടിച്ചു; ദുരൂഹത

By Web TeamFirst Published Apr 30, 2020, 7:00 AM IST
Highlights

തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല. 

തിരുവനന്തപുരം: നെയ്യാറ്റിൻകര ചെങ്കലിൽ ശവക്കല്ലറ തോണ്ടി തലയോട്ടി ഉൾപ്പെടെ എല്ലിൻ കഷ്ണങ്ങൾ മോഷ്ടിച്ചു. മൂന്ന് പതിറ്റാണ്ട് മുൻപ് മരിച്ച ചെങ്കൽ സ്വദേശി ചെല്ലയ്യൻ നാടാരുടെ കല്ലറയാണ് കുഴിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മന്ത്രവാദത്തിനായാണ് ശവക്കല്ലറ തുരന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.

ചെല്ലയ്യൻ നാടാരുടെ കുടുംബം താമസിക്കുന്ന വീടിന് സമീപത്തെ കൃഷിയിടത്തിന് സമീപത്തായാണ് കല്ലറ സ്ഥിതിചെയ്യുന്നത്.  ബുധനാഴ്ച രാവിലെ കൃഷിപ്പണിക്കായി എത്തിയ മകൻ സോമൻ ആണ് കല്ലറ കുഴിച്ചിരിക്കുന്നതായി കണ്ടത്. കല്ലറ ആറടിയോളം കുഴിച്ചിട്ടുണ്ട്. പിക്കാസ് ഉപയോഗിച്ച് വെട്ടിപ്പൊളിച്ചിരിക്കുന്ന നിലയിലായിരുന്നു ശവക്കല്ലറ. 

തലയോട്ടിയും കുറച്ച് എല്ലിന്‍ കഷ്ണങ്ങളും ഒഴികെ മറ്റ് ഭാഗങ്ങളൊന്നും നഷ്ടമായിട്ടില്ല. സമീപത്തായുള്ള നാല് കുടുംബാംഗങ്ങളുടെ കല്ലറ കൂടി ഉണ്ട്. എന്നാൽ ഇവയ്ക്കൊന്നും കേടുപാടുകൾ ഉണ്ടായിട്ടില്ല. പാറശാല പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മന്ത്രവാദത്തിനായി തലയോട്ടി എടുത്തതാകാം എന്നാണ് സംശയം. പ്രദേശത്തെ മന്ത്രവാദികളുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

click me!