ഉത്തർപ്രദേശിലെ മൊറാദാബാദിൽ ഇതരമതസ്ഥനെ പ്രണയിച്ചതിന് യുവതിയെയും കാമുകനെയും സഹോദരന്മാർ ചേർന്ന് കൊലപ്പെടുത്തി. 

ലഖ്നൗ: ഉത്തർപ്രദേശില്‍ വീണ്ടും ദുരഭിമാനക്കൊല. ഇതര മതവിശ്വാസിയായ യുവാവിനെ പ്രണയിച്ച യുവതിയെയും യുവാവിനെയും കൊലപ്പെടുത്തി. മൊറാദാബാദ് ജില്ലയിലെ ഉമ്രി സബ്സിപൂരിലാണ് സംഭവം. 22 കാരിയായ കാജല്‍ സൈനി, 27 വയസുകാരനായ അമ്രാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം സമീപത്തെ കാട്ടില്‍ നിന്ന് കണ്ടെടുത്തു. യുവതിയുടെ സഹോദരന്മാരാണ് കൊലക്ക് പിന്നില്‍. സംഭവത്തില്‍ മൂന്ന് സഹോദരന്മാരും അറസ്റ്റിലായി.

സൗദി അറേബ്യയിൽ ജോലി ചെയ്തിരുന്ന അർമാൻ, ഏതാനും മാസങ്ങൾക്ക് മുമ്പാണ് മൊറാദാബാദിലേക്ക് താമസം മാറിയത്. ഈ സമയത്താണ് കാജൽ സൈനിയുമായി അയാൾ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കാജലിന്റെ സഹോദരന്മാർ അവരുടെ ബന്ധം അംഗീകരിച്ചില്ല. ബന്ധം അവസാനിപ്പിക്കാൻ താക്കീത് നല്‍കുകയും ചെയ്തു. എന്നാല്‍, മൂന്ന് ദിവസം മുമ്പ് അര്‍മാനെ കാണാതായതോടെ അർമാന്റെ പിതാവ് ഹനീഫ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ, കാജലും വീട്ടിൽ നിന്ന് കാണാതായതായി കണ്ടെത്തി. അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് സഹോദരനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഇരുവരെയും ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി കെട്ടിയിട്ട് വായ മൂടിക്കെട്ടി കൊലപ്പെടുത്തിയെന്നും കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നും ഇവര്‍ പറഞ്ഞു.

മൊഴിയെ തുടർന്ന് പൊലീസ് മൃതദേഹങ്ങൾ പുറത്തെടുത്തു. കാജലിന്റെ മൂന്ന് സഹോദരന്മാർ ചേർന്നാണ് ദമ്പതികളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാര ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നും ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. പ്രദേശത്ത് കൂടുതൽ പൊലീസ് സേനയെ അയച്ചു.