ലോറി ഡ്രൈവറെ മർദ്ദിച്ച് കെട്ടിയിട്ടു; പിന്നാലെ രണ്ട് കോടിയുടെ സ്മാർട്ട്ഫോണുകൾ കൊള്ളയടിച്ച് സംഘം

By Web TeamFirst Published Aug 27, 2020, 8:08 PM IST
Highlights

16 ബണ്ടില്‍ മൊബൈല്‍ ഫോണുകളില്‍ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. 

ഹൈദരബാദ്: രണ്ടു കോടിയോളം രൂപ വിലവരുന്ന സ്മാർട്ട്ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു. ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം. മുംബൈയിലേക്ക് പോയ ലോറിയാണ് ഡ്രൈവറെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. 

ഷവോമി മൊബൈല്‍ നിര്‍മാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉല്‍പ്പാദന യൂണിറ്റില്‍ നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു ലോറി. രാത്രി തമിഴ്‌നാട് - ആന്ധ്ര അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ മറ്റൊരു ലോറി വഴിയില്‍ ഇവരെ തടഞ്ഞു. തുടര്‍ന്ന് വാഹനത്തിന്റെ ഡ്രൈവറായ ഇര്‍ഫാനെ കെട്ടിയിട്ട്, മര്‍ദിച്ച് അവശനാക്കി പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

പിന്നാലെ, നാട്ടുകാരുടെ സഹായത്തോടെ ഇര്‍ഫാൻ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്ന് രാവിലെ നാരായവനത്തിനും പുത്തുരിനും ഇടയില്‍ ലോറി കണ്ടെത്തി.ശ്രീപെരുംപുത്തൂരിലെ കമ്പനിയില്‍ നിന്ന് പ്രതിനിധികള്‍ വൈകുന്നേരം മൂന്നരയോടെ നഗരിയില്‍ എത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി. 

16 ബണ്ടില്‍ മൊബൈല്‍ ഫോണുകളില്‍ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു. നിലവില്‍ ഇര്‍ഫാന്‍ കസ്റ്റഡിയില്‍ ആണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

click me!