
ഇൻഡോർ: മേഘാലയയിലെ ഹണിമൂൺ കൊലപാതകത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. വിവാഹ ശേഷം ശാരീരിക ബന്ധം ഒഴിവാക്കാൻ സോനം ഭർത്താവിന് വേണ്ടി വഴിപാട് നേർന്നെന്നും അത് പൂർത്തിയാക്കിയാലേ ശാരീരികമായി ബന്ധപ്പെടാൻ സാധിക്കൂവെന്നും വിശ്വസിപ്പിച്ചുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം നടക്കാനായി താൻ കാമാഖ്യ ദേവീക്ഷേത്രത്തിൽ സന്ദർശിക്കുമെന്ന് വഴിപാട് നേർന്നിരുന്നതായി സോനം ഭർത്താവ് രാജാ രഘുവംശിയെ വിശ്വസിപ്പിച്ചു. അതിനനുസരിച്ചാണ് ഇരുവരും ഹണിമൂൺ യാത്രാ പദ്ധതി നടപ്പാക്കിയത്.
എന്നാൽ, ശാരീരികമായി ബന്ധപ്പെടുന്നത് ഒഴിവാക്കാനുള്ള സോനത്തിന്റെ തന്ത്രം മാത്രമായിരുന്നു വഴിപാടെന്ന് പോലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. മെയ് 11നാണ് ഇരുവരും വിവാഹിതരായത്. മെയ് 20 ന് അസമിലെ ഗുവാഹത്തി വഴി മേഘാലയയിൽ എത്തി. മെയ് 23 ന് ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ വെച്ച് നോംഗ്രിയത്ത് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങി മണിക്കൂറുകൾക്ക് ശേഷം ഇരുവരെയും കാണാതാകുകായിരുന്നു. പിന്നീട് രാജയുടെ മൃതദേഹം കൊക്കയിൽ നിന്ന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കൊലക്കേസിൽ ഭാര്യ സോനവും കാമുകനും സഹായികളും അറസ്റ്റിലായത്.
അതേസമയം, കാമുകൻ രാജ് ഖുശ്വാഹയെയും സോനം കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കാമുകനെ സോനം ചട്ടുകമായി ഉപയോഗിച്ചിരിക്കാമെന്നും മറ്റൊരാളോടൊപ്പം ഒളിച്ചോടാൻ സോനം പദ്ധതിയിട്ടിരുന്നതായും പൊലീസ് സംശയിക്കുന്നു. ഈ കാര്യങ്ങളൊന്നും അറിയാത്ത രാജ് സോനത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സോനം ഓരോരുത്തരെയും കബളിപ്പിച്ചതായും, രാജിനെ പ്രണയ വാഗ്ദാനങ്ങൾ നൽകി വശീകരിച്ചതായും മറ്റുള്ളവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തതായും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam