ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ അപമാനിച്ചു യൂട്യൂബര്‍ക്കെതിരെ കേസ്

By Web TeamFirst Published Jul 3, 2022, 11:17 AM IST
Highlights

ക്രൈം ഓണ്‍ലൈന്‍ മേധാവിയായ ടിപി  നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.

കൊച്ചി: ക്രൈം നന്ദകുമറിനെതിരെ പരാതിക്കാരിയായ യുവതിയെ അപമാനിച്ചതിന് യു ട്യൂബ് ചാനല്‍ ഉടമയും അവതാരകനുമായ സൂരജ് പാലക്കാരനെതിരെ പോലീസ് കേസെടുത്തു. യു ട്യൂബ് ചാനലിലൂടെ യുവതിയെ മോശമായി ചിത്രീകരിച്ചതിനാണ് പാലാ കടനാട് സ്വദേശിയായ സൂരജ് വി സുകുമാര്‍ എന്ന സൂരജ് പാലക്കാരനെതിരെ എറണാകുളം സൗത്ത് പൊലീസ് കേസ് എടുത്തിരിക്കുന്നത്. 

ക്രൈം ഓണ്‍ലൈന്‍ മേധാവിയായ ടിപി  നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്.സൂരജിനെ അന്വേഷിച്ച് പാലായിലെ വീട്ടില്‍ പോലീസ് എത്തിയെങ്കിലും ഇയാള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് ചെയ്യാനായില്ല.

ടി.പി. നന്ദകുമാറിനെതിരേ പരാതി നല്‍കിയ യുവതിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു സൂരജ്. സ്ത്രീത്വത്തെ അപമാനിച്ചതിനു പുറമേ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിരോധന നിയമത്തിലെ വകുപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എറണാകുളം സൗത്ത് പൊലീസ് അറിയിച്ചു. 

അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ച കേസ്, ക്രൈം നന്ദകുമാര്‍ റിമാൻഡിൽ

അതേ സമയം അശ്ലീല വീഡിയോ നിർമിക്കണമെന്നാവശ്യപ്പെട്ടെന്ന സഹപ്രവർത്തകയുടെ പരാതിയിൽ അറസ്റ്റിലായ  ക്രൈം നന്ദകുമാറിന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ചൊവ്വാഴ്ച കോടതി തള്ളി. എറണാകുളം നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

പട്ടികജാതി- പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ  അറസ്റ്റ് ചെയ്തത്.  ഓഫീസിൽവെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങൾക്ക് നിർബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. 

വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ  നിർബന്ധിച്ചെന്ന പരാതിയിലാണ്  ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാര്‍ അറസ്റ്റിലായത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു.നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി.

പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെ ആണ് അറസ്റ്റ് ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതിലും,പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ല വകുപ്പുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടിയുണ്ടായത്. 

click me!