Asianet News MalayalamAsianet News Malayalam

അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ നിർബന്ധിച്ച കേസ്, ക്രൈം നന്ദകുമാര്‍ റിമാൻഡിൽ 

സംസ്ഥാനത്തെ വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി.

crime nandakumar remanded over  female co workers complaint
Author
Kochi, First Published Jun 17, 2022, 11:32 PM IST

കൊച്ചി: വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കാൻ ജീവനക്കാരിയെ  നിർബന്ധിച്ചെന്ന പരാതിയിൽ അറസ്റ്റിലായ ക്രൈം വാരികയുടെ ഉടമസ്ഥൻ നന്ദകുമാറിനെ റിമാന്‍‍ഡ് ചെയ്തു.എറണാകുളം നോർത്ത് പൊലീസിൽ ജീവനക്കാരി നൽകിയ പരാതിയിലാണ് നടപടി.

നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി, അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. 

'തനിക്കെതിരെ ഗൂഢാലോചന, ചുമത്തിയത് കള്ളക്കേസ്, പിന്നിൽ പിണറായി വിജയൻ': ക്രൈം നന്ദകുമാർ

കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ല വകുപ്പുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് കഴിഞ്ഞ ദിവസം ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി. യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.

 

Follow Us:
Download App:
  • android
  • ios