എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

Web Desk   | Asianet News
Published : Jun 01, 2020, 10:14 PM ISTUpdated : Jun 01, 2020, 11:22 PM IST
എല്ലാം അറിയാമായിരുന്നു? ഉത്ര വധക്കേസിൽ വഴിത്തിരിവ്, സൂരജിന്റെ അച്ഛൻ അറസ്റ്റിൽ

Synopsis

 മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയിരുന്നു.   

പത്തനംതിട്ട: ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ അച്ഛൻ സുരേന്ദ്രനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.  മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്ലിന് ശേഷമായിരുന്നു അറസ്റ്റ്. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് മൊഴി നൽകിയിരുന്നു. 

മരിച്ച ഉത്രയുടെ സ്വർണാഭരണങ്ങള്‍ സൂരജിന്റെ വീട്ടിൽ കുഴിച്ചിട്ട നിലയിൽ ഇന്ന് കണ്ടെത്തിയിരുന്നു. മുപ്പത്തി ഏഴര പവൻ സൂരജിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തി. വീടിൻ്റ സമീപത്തെ രണ്ട് സ്ഥലങ്ങളിലായാണ് സ്വർണ്ണം കുഴിച്ചിട്ടിരുന്നത്.സൂരജിന്റെ അച്ഛൻ സുരേന്ദ്രനാണ് സ്വർണം കുഴിച്ചിട്ട സ്ഥലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് കാണിച്ച് കൊടുത്തത്. കൊലപാതകത്തിന് മുൻപ് ലോക്കറിൽ നിന്നെടുത്ത സ്വർണമാണ് ഇന്ന് കണ്ടെടുത്തതെന്നാണ് സൂചന. 

ഉത്രവധകേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഭർത്താവ് സൂരജിന്‍റെ അടൂരിലെ വീട്ടിൽ എത്തി തെളിവെടുപ്പ്  നടത്തിയിരുന്നു.  കേസിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറൻസിക്, റവന്യു  സംഘങ്ങളും  ക്രൈംബ്രാഞ്ചിനൊപ്പം ഉണ്ട്. 

സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയർകെയ്സ്, ടെറസ്സ്, പാമ്പിനെ സൂക്ഷിച്ച വീടിന്‍റെ പുറക് വശം എന്നിവിടങ്ങളില്ലെല്ലാം  സംഘം പരിശോധന നടത്തി. സൂരജിൻ്റെ  അമ്മ രേണുക,  സഹോദരി സൂര്യ എന്നിവരിൽ  നിന്നും വിശദാംശങ്ങൾ തേടിയിരുന്നു. അടൂരിലെ സ്വർണം സൂക്ഷിച്ചിരുന്ന ദേശസാത്കൃത ബാങ്ക് ലോക്കറും നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു. സൂരജിന്‍റെ അച്ഛന്‍റെ സാന്നിധ്യത്തിലായിരുന്നു ഈ പരിശോധനയും. ഇതിന് പിന്നാലെ വീണ്ടും വീട്ടിലെത്തി തെളിവെടുപ്പും ചോദ്യം ചെയ്യലും തുടരുകയായിരുന്നു. ഒടുവിലാണ് സ്വര്‍ണം  കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. 

ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുൻപാണ് ഇയാള്‍ ഗൂഢാലോചന തുടങ്ങിയത്. സുഹൃത്തായ സുരേഷിൽ നിന്നും പാമ്പിനെ പതിനായിരം രൂപ നൽകി വാങ്ങിയാണ് കൊലപാതകം നടത്തിയത്. ഭർത്താവ് സൂരജും പാമ്പ് പിടിത്തക്കാരൻ കല്ലുവാതുക്കൽ സ്വദേശി സുരേഷുമടക്കം നാലുപേരെ ചോദ്യം ചെയ്തപ്പോഴാണ് ആസൂത്രിതമായ കൊലപാതക വിവരം പുറത്തറിയുന്നത്.

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു.

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്