രോഗം മൂര്‍ച്ഛിച്ചിട്ടും ആശുപത്രിയില്‍പോകാതെ ഭര്‍ത്താവിന്റെ മന്ത്രവാദം; മരിച്ച നൂര്‍ജഹാന്റെ ഇന്‍ക്വസ്റ്റ് ഇന്ന്

By Web TeamFirst Published Dec 8, 2021, 7:42 AM IST
Highlights

രോഗം കൂടിയിട്ടും ആശുപത്രി ചികിത്സ നല്‍കാതെ യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

കോഴിക്കോട്: കല്ലാച്ചിയില്‍ മന്ത്രവാദ (Sorcery) ചികിത്സയെ (Treatment) തുടര്‍ന്ന് യുവതി മരിച്ചെന്ന ബന്ധുക്കളുടെ പരാതിയില്‍ ഇന്‍ക്വസ്റ്റ് (Inquest) നടപടികള്‍ ഇന്ന് നടത്തും. വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണ് നൂര്‍ജഹാന്റെ(Noor jahan-44)  മൃതദേഹമുള്ളത്. ചികിത്സ നിഷേധിച്ചെന്നാരോപിച്ച് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാലിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് (Police) കേസെടുത്തിട്ടുണ്ട് (Case) . രോഗം കൂടിയിട്ടും ആശുപത്രി ചികിത്സ നല്‍കാതെ യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.

കോഴിക്കോട് കല്ലാച്ചി സ്വദേശി നൂര്‍ജഹാന്റെ മരണത്തെ പറ്റിയാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നൂര്‍ജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് ഇടപെട്ട് നൂര്‍ജഹാന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പൊലീസ് അറിയിച്ചു. നൂര്‍ജഹാന്റെ മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലാണ് ഇപ്പോഴുള്ളത്. 

ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും അവിടെവച്ച് ചികിത്സ കിട്ടാതെയാണ് നൂര്‍ജഹാന്‍ മരിച്ചതെന്നുമാണ് ആരോപണം. കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ രോഗം കലശലായപ്പോള്‍ പോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ ജമാലിന്റെ എതിര്‍പ്പവഗണിച്ച് ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.

ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയുംകൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ്  മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂര്‍ജഹാന്റെ അമ്മയും ബന്ധുവുമാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്.

മൃതദേഹവുമായി ആലുവയില്‍നിന്നും കല്ലാച്ചിയിലേക്ക് വന്ന ആംബുലന്‍സ് പൊലീസ് തടഞ്ഞാണ് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് വളയം സിഐ അറിയിച്ചു. 
 

കണ്ണൂരിലെ ഫാത്തിമയുടെ മരണം

ഈ വര്‍ഷം നവംബറില്‍ സമാനമായ കേസ് കണ്ണൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിനൊന്ന് വയസുകാരിയാണ് ചികിത്സ നിഷേധിച്ച് മന്ത്രവാദം നടത്തിയതിനെ തുടര്‍ന്ന് മരിച്ചത്. ഗുരുതരമായി പനിബാധിച്ചിട്ടും ഫാത്തിമയ്ക്ക് ചികിത്സ നല്‍കാതെ മന്ത്രിച്ച് ഊതല്‍ നടത്തിയതിന് പിതാവ് സത്താറിനെയും സിറ്റി കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമാം ഉവൈസിന്റെ പ്രേരണമൂലം ചികിത്സ തേടാതെ വേറെയും രോഗികള്‍ മരിച്ചിട്ടുള്ളതായും അന്ന് പരാതി ഉയര്‍ന്നിരുന്നു.
 

click me!