ഇതര മതസ്ഥയെ പ്രണയിച്ച യുവാവിനെ തലയറുത്ത് കൊലപ്പെടുത്തിയ കേസ്; ശ്രീരാമസേന നേതാവ് അറസ്റ്റില്‍

By Web TeamFirst Published Oct 8, 2021, 5:55 PM IST
Highlights

യുവാവിനെ കൊലപ്പെടുത്തുന്നതിനായി പെണ്‍കുട്ടിയുടെ പിതാവ് ഈരപ്പ കുമാറും മാതാവ് സുശീല കുമാറും പ്രതിക്ക് പണം നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു.
 

ബെംഗളൂരു: ബെലഗാവിയില്‍ (belagavi) ഇതര മതത്തിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിനിനെ തുടര്‍ന്ന് യുവാവ് കൊല്ലപ്പെട്ട കേസില്‍ ശ്രീരാമസേന നേതാവും (sriramsena leader) പെണ്‍കുട്ടിയുടെ മാതാപിതാക്കളുമടക്കം 10പേര്‍ അറസ്റ്റില്‍(Arrest). സെപ്റ്റംബര്‍ 28നാണ് അര്‍ബാസ് അഫ്താബ് മുല്ലയെന്ന (Arbaz Aftab Mullah) 24കാരനായ യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിലുപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ശ്രീരാമസേന ഹിന്ദുസ്ഥാന്‍ താലൂക്ക് പ്രസിഡന്റ് പുന്ദലീക(മഹാരാജ്) എന്നയാളുള്‍പ്പെടെ 10 പേരാണ് അറസ്റ്റിലായതതെന്ന് ബെലഗാവി എസ്പി ലക്ഷ്മണ്‍ നിംബാര്‍ഗി പറഞ്ഞു.

ഹിന്ദുമതത്തില്‍പ്പെട്ട ശ്വേത എന്ന പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട യുവാവ് അടുപ്പത്തിലായിരുന്നു. ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും യുവാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ ഖാന്‍പുരിലേക്ക് താമസം മാറി. 28ന് ശ്രീരാമസേന നേതാവ് പുന്ദലീക യുവാവിനെ വിളിച്ചുവരുത്തി കൈയിലുള്ള പണം മോഷ്ടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. യുവാവിന്റെ മാതാവ് ഗോവയില്‍ പോയ സമയത്തായിരുന്നു കൊലപാതകം.

തെളിവ് നശിപ്പിക്കുന്നതിനായി തലയറുത്ത് മൃതദേഹം റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. യുവാവിനെ കൊലപ്പെടുത്തുന്നതിനായി പെണ്‍കുട്ടിയുടെ പിതാവ് ഈരപ്പ കുമാറും മാതാവ് സുശീല കുമാറും പ്രതിക്ക് പണം നല്‍കിയിരുന്നെന്നും പൊലീസ് പറഞ്ഞു. ഇവരും അറസ്റ്റിലായി. ഖുത്തുബ്ദ്ദീന്‍ അലബാക്ഷ്, മാരുതി മഞ്ജുനാഥ്, ഗണപതി, പ്രശാന്ത് പ്രവീണ്‍, ശ്രീധര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. ബെലഗാവി കേന്ദ്രീകരിച്ച് കാര്‍ വില്‍പന കേന്ദ്രത്തിലെ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട യുവാവ്.
 

click me!