കുടുംബമാണെന്ന് ധരിപ്പിക്കാന്‍ യുവതിയെയും ഒപ്പം കൂട്ടി; കഞ്ചാവ് കടത്തിയ മൂന്ന് പേര്‍ അറസ്റ്റില്‍

By Web TeamFirst Published Oct 8, 2021, 1:50 AM IST
Highlights

ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇതിനായാണ് യുവതിയെ ഒപ്പം കൂട്ടിയത്.

പാലക്കാട്: ട്രെയിനിൽ കഞ്ചാവ് കടത്തിയ ബിജെപി (BJP) മുൻ പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്ന് പേർ പാലക്കാട് (Palakkad) റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. വിശാഖപട്ടണത്ത് നിന്ന് തൃശ്ശൂരിലേക്ക് കഞ്ചാവ് (Cannabis) കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിലാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതികൾ കഞ്ചാവ് കടത്തിയത്. ഇതിനായാണ് യുവതിയെ ഒപ്പം കൂട്ടിയത്.

ട്രെയിൻ വഴി കഞ്ചാവ് കടത്തുന്ന സംഘങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എക്സൈസും ആര്‍പിഎഫ് ക്രൈം ഇന്‍റലിജൻസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പരിശോധന ഭയന്ന് ട്രെയിനിൽ നിന്ന് ഇറങ്ങിയോടുന്നതിനിടെ പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് നാലേമുക്കാല്‍ കിലോയോളം കഞ്ചാവും കണ്ടെത്തി. യുവമോർച്ച കുന്നംകുളം മുൻ മുൻസിപ്പൽ സെക്രട്ടറി സജീഷ്, കൂട്ടാളികളായ ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ക്കെതിരെ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. കൊലപാത ശ്രമം ഉൾപെടെ 10 കേസുകളിലും സജീഷ് പ്രതിയാണ്. ഇതിന് മുമ്പും സമാനമായ രീതിയിൽ കഞ്ചാവ് കടത്തിയിരുന്നതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാന അതിർത്തികളിൽ പരിശോധന കർശനമാക്കിയതോടെയാണ് ട്രെയിൻ വഴിയുള്ള കഞ്ചാവ് കടത്ത് വർധിച്ചത്.

click me!