പറമ്പ് വൃത്തിയാക്കുന്നതിനിടെ കടലാസിൽ പൊതിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

By Web TeamFirst Published May 5, 2019, 5:06 PM IST
Highlights

യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകൾക്കും പരിക്കേറ്റു. 

ഇടത്തിലമ്പലം: തലശ്ശേരി ഇടത്തിലമ്പലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. കാടുവെട്ടിത്തെളിക്കുന്നതിനിടെ ഇവിടെ സൂക്ഷിച്ച സ്റ്റീൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ബെംഗലൂരുവിൽ സ്ഥിരതാമസമാക്കിയ ആളുടെ ഇടത്തിലമ്പലത്തെ പറമ്പിൽ രാവിലെയാണ് അപകടം ഉണ്ടായത്. യന്ത്രമുപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ്പൊട്ടിത്തെറിച്ച് തൊഴിലാളിയായ മനോജിന്റെ രണ്ട് കൈകൾക്കും പരിക്കേറ്റു.  പ്ലാസ്റ്റിക് സർജറി വേണ്ടതിനാൽ പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 

കൈവിരലുകൾക്കും തോൾ ഭാഗത്തും സാരമായ പരിക്കുണ്ട്. കോഴിക്കോട് സ്വദേശിയയ മനോജ് വർഷങ്ങളായി തലശേരി ഭാഗങ്ങളിൽ കൂലിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. ഒഴിഞ്ഞ പറമ്പിൽ കടലാസിൽ പൊതിഞ്ഞാണ് ബോംബ് സൂക്ഷിച്ചിരുന്നത്. തലശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി വ്യാപക പരിശോധന നടത്തി. 

ബോംബ് സ്ക്വാഡിന്റെ തിരച്ചിലിൽ കൂടുതലൊന്നും കണ്ടെത്താനായില്ല. അടുത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകളും പരിശോധിച്ചു. ഈ മേഖലകളിലെ ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരും. ബോംബ് ശേഖരിച്ചുവച്ചത് ആരാണെന്ന് വ്യക്തമായില്ലെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു.
 

click me!