പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ മാനേജർ വിഷം നൽകിയതാവാമെന്ന് നിഗമനം; ദുരൂഹത നീക്കാൻ അന്വേഷണം

Published : Oct 05, 2025, 05:32 AM IST
zubeen garg death case update

Synopsis

പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിലെ ദുരൂഹത വർധിക്കുന്നു. സഹപ്രവർത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മാനേജർക്കും സംഘാടകനുമെതിരെ കൊലക്കുറ്റം ചുമത്തി. കേസ് ഇപ്പോൾ ഇ.ഡി.യും ഇൻകം ടാക്സ് വിഭാഗവും ഉൾപ്പെടെയുള്ള ഉന്നത ഏജൻസികൾ അന്വേഷിക്കുകയാണ്.

ഗുവാഹത്തി: പ്രശസ്ത അസമീസ് ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാം എന്ന് സഹപ്രവർത്തകൻ പോലീസിന് മൊഴി നൽകിയതോടെ കേസിൽ വഴിത്തിരിവായി. നിലവിൽ സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

സഹപ്രവർത്തകന്റെ ഞെട്ടിക്കുന്ന മൊഴി

ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി പോലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. സിംഗപ്പൂരിൽ വെച്ച് സുബീൻ്റെ മാനേജരും സംഘാടകനും ചേർന്ന് വിഷം നൽകിയതാവാം എന്നാണ് ഗോസാമി മൊഴി നൽകിയിരിക്കുന്നത്. സുബിൻ്റെ മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമ്മയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ, സുബീൻ ഗാർഗിന് നീന്തൽ അറിയാമായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നും ഗോസാമി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മരണദിവസം കപ്പൽ യാത്ര ചെയ്ത ബോട്ടിന്റെ നിയന്ത്രണം സിദ്ധാർത്ഥ് നിർബന്ധപൂർവം കൈക്കലാക്കിയെന്നും ഗോസാമി മൊഴി നൽകിയിട്ടുണ്ട്.

അന്വേഷണം ഉന്നത ഏജൻസികളിലേക്ക്

കഴിഞ്ഞ 15 ദിവസങ്ങൾക്കിടെ രണ്ട് രാജ്യങ്ങളിലായി രണ്ട് പോസ്റ്റുമോർട്ടങ്ങൾ നടന്നിട്ടും ദുരൂഹത നീക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. നിലവിൽ നാല് പേരെ കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിൻ്റെ ഭാഗമായി സുബീൻ്റെ ഭാര്യ ഗരിമയുടെയും സഹോദരി പാൽമെയുടെയും മൊഴിയും പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തി.

പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ലാപ്ടോപ്പുകളിൽ നിന്നും ഫോണുകളിൽ നിന്നും ഫോറൻസിക് സംഘം വിവരങ്ങൾ ശേഖരിക്കുകയാണ്. സിംഗപ്പൂരിലെ നോർത്തീസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിൻ്റെ സംഘാടകനായ ശ്യാംകാനു മഹന്തയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും (ഇ.ഡി.) ഇൻകം ടാക്സ് വിഭാഗവും കേസ് അന്വേഷണത്തിൽ പങ്കുചേരും. സുബീൻ ഗാർഗിൻ്റെ മരണത്തിൽ ജുഡീഷണൽ അന്വേഷണം നടത്താൻ അസം സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ സൗമിത്ര സൈകിയ അധ്യക്ഷനായ സംഘമായിരിക്കും അന്വേഷണം നടത്തുക.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്