
ദില്ലി: ദില്ലിയില്‍ ലിവിംഗ് ടുഗതര്‍ പങ്കാളിയായ ശ്രദ്ധയെ അഫ്താബ് അമീൻ പൂനാവാല കൊലപ്പെടുത്തിയ സംഭവം ലവ് ജിഹാദാണെന്ന് സംശയിക്കുന്നതായും പ്രതിക്ക് വധശിക്ഷ നൽകണമെന്നും ശ്രദ്ധയുടെ പിതാവ് പിതാവ് വികാസ് വാക്കർ വാര്‍ത്ത ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.
"ഞാൻ ലവ് ജിഹാദാണ് സംഭവം എന്ന് സംശയിക്കുന്നു. അഫ്താബിന് വധശിക്ഷ നൽകണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. ദില്ലി പോലീസിനെ ഞാൻ വിശ്വസിക്കുന്നു, അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. ശ്രദ്ധ അവളുടെ അമ്മാവനുമായിട്ടായിരുന്നു കൂടുതല്‍ കാര്യങ്ങള്‍ പങ്കുവച്ചിരുന്നത്, എന്നോട് അധികം സംസാരിച്ചിരുന്നില്ല. ഞാൻ ഒരിക്കലും അഫ്താബുമായി സംസാരിച്ചിരുന്നില്ല. മുംബൈയിലെ വസായിലാണ് ഞാൻ ആദ്യമായി ശ്രദ്ധയെ കാണാനില്ലെന്ന് പരാതി നൽകിയത്" വികാസ് വാക്കർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
ദില്ലിയിലെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തിരുന്ന ഫുഡ് ബ്ലോഗറായിരുന്നു 28 കാരനായ അഫ്താബ്. ശ്രദ്ധയെ ഒഴിവാക്കാനും കൊലപാതകം ആസൂത്രണം ചെയ്യാനുമാണോ അഫ്താബ് ഛത്തർപൂർ പ്രദേശത്ത് ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്തത് എന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് ഇപ്പോൾ അന്വേഷിക്കുന്നുണ്ട് . ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
2019 മുതൽ ഇരുവരും ബന്ധത്തിലായിരുന്നുവെന്നും ഈ വർഷം ഏപ്രിലില്‍ ദില്ലിയിലേക്ക് താമസം മാറിയെന്നും പോലീസ് വൃത്തങ്ങൾ എഎൻഐയോട് പറഞ്ഞു. ഇതിന് മുമ്പ് മഹാരാഷ്ട്രയിലായിരുന്നു ഇവര്‍. ഇവർ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാറുണ്ടായിരുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അവർ ചില ഹിൽ സ്റ്റേഷനുകൾ സന്ദർശിച്ചു, മെയ് മാസത്തിൽ അവർ ഹിമാചൽ പ്രദേശിലേക്ക് പോയി, അവിടെ ഛത്തർപൂരിൽ താമസിക്കുന്ന ഒരാളെ കണ്ടുമുട്ടി.
ദില്ലിയിലേക്ക് മാറിയ ശേഷം അവർ ആദ്യം ഇയാളുടെ ഫ്ലാറ്റിലാണ് താമസിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നീട്, അഫ്താബ് ഛത്തർപൂരിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുകയും കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ശ്രദ്ധയ്‌ക്കൊപ്പം അവിടേക്ക് താമസം മാറ്റിയതെന്നും പോലീസ് കണ്ടെത്തി. മെയ് 18 ന് ഛത്തർപൂർ ഫ്‌ളാറ്റിൽ വെച്ച് ഇയാൾ അവളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണാണ് അഫ്താബ് സമ്മതിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ബിരുദം പൂർത്തിയാക്കിയ അഫ്താബ് കുടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസിച്ചിരുന്നത്. അറസ്റ്റിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ, 18 ദിവസങ്ങളില്‍ പുലർച്ചെ 2 മണിക്ക് ശരീരഭാഗങ്ങൾ ദില്ലിയിലെ വിവിധ ഇടങ്ങളില്‍ നിക്ഷേപിച്ചെന്നാണ് അഫ്താബ് പറഞ്ഞത്.
"അഫ്താബിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ കാണിക്കുന്നത് അയാള്‍ കുറച്ചുകാലമായി ഫുഡ് ബ്ലോഗിംഗ് നടത്തിയിരുന്നുവെങ്കിലും വളരെക്കാലമായി ഒരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടില്ലെന്നാണ്. ഫെബ്രുവരിയിലാണ് അദ്ദേഹത്തിന്റെ അവസാന പോസ്റ്റ് വന്നത്, അതിനുശേഷം ഒരു പോസ്റ്റും ഉണ്ടായില്ല. അഫ്താബിന്‍റെ ഇൻസ്റ്റാഗ്രാമിൽ 28,000-ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്" പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
'അഫ്താബ് എന്നെ കൊല്ലും'; ഒരു രാത്രി പേടിയോടെ സുഹൃത്തിനെ അറിയിച്ച ശ്രദ്ധ, പിന്നീട് സംഭവിച്ചത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam