
ദില്ലി: ദില്ലി കലാപത്തിനിടെ നടന്ന ഐബി ഉദ്യോഗസ്ഥന്‍റെ കൊലപാതകത്തില്‍ താഹിര്‍ ഹുസൈന്‍റെ കസ്റ്റഡി നീട്ടി നല്‍കി. മൂന്ന് ദിവസത്തേക്കാണ് വിചാരണ കോടതി വീണ്ടും താഹിറിന്‍റെ പൊലീസ് കസ്റ്റഡി നീട്ടിയത്. എഎപി മുന്‍ കൗണ്‍സിലര്‍ കൂടിയായ താഹിര്‍ ഹുസൈനെ ആദ്യം ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടിരുന്നത്.
ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തിലാണ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കീഴടങ്ങല്‍ അപേക്ഷ ദില്ലി റോസ് അവന്യൂ കോടതി തള്ളിയതിന് പിന്നാലെ പൊലീസ് താഹിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അങ്കിത് ശര്‍മ്മയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ താഹിര്‍ ഹുസൈന്‍ നാടകീയമായി കോടതിയില്‍ എത്തുകയായിരുന്നു.
അഭിഭാഷകനൊപ്പമെത്തി ദില്ലി റോസ് അവന്യൂ കോടതിയില്‍ കീഴടങ്ങാന്‍ അപേക്ഷ നല്‍കിയെങ്കിലും, അധികാര പരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന് വ്യക്തമാക്കി അഡീ. ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് താഹിറിന്‍റെ ഹര്‍ജി തള്ളി. കോടതിയില്‍ വച്ച് കസ്റ്റഡിയിലെടുത്ത താഹിര്‍ ഹുസൈനെ ക്രൈംബ്രാഞ്ചിന് കൈമാറിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പിന്നീട് ദില്ലി കലാപവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ കൂടി അറസ്റ്റിലായിരുന്നു. ഐബി ഉദ്യോഗസ്ഥന്‍റെ മരണത്തിൽ പ്രതിയായ താഹിർ ഹുസൈന്‍റെ സഹോദരൻ ഷാ ആലം ഉൾപ്പെടെ ഉള്ളവരെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അതേസമയം, സോണിയ ഗാന്ധി, കപിൽ മിശ്ര, വാരിസ് പത്താൻ ഉൾപ്പടെയുള്ള നേതാക്കൾ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികളിൽ ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വിദ്വേഷപ്രസംഗം നടത്തിയെന്ന് ആരോപിക്കപ്പെട്ട നേതാക്കൾക്കും, ദില്ലി സർക്കാരിനും ,ദില്ലി പൊലീസ് കമ്മീഷണർക്കുമാണ് നോട്ടീസ് അയച്ചത്. ദില്ലി കലാപ കേസുകൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാർച്ച് 20 ലേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam