ഗുണ്ടാസംഘം മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിൽ

By Web TeamFirst Published Dec 7, 2020, 12:09 AM IST
Highlights

പരിചയക്കാരനായ പുത്തൻതെരുവ് സ്വദേശി ഹരിഹരന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി പാർഥിവനും പ്രസാത്തും നാല് വ‍ർഷം മുൻപ് പണം കടം നൽകിയിരുന്നു. പണം തിരിച്ചു നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകളുമായാണ് ഇവർ തിരുവനന്തപുരത്തേക്ക് വന്നത്.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്നുളള  ഗുണ്ടാസംഘം മാരകായുധങ്ങളുമായി തിരുവനന്തപുരത്ത് പിടിയിൽ. കടം വാങ്ങിയ പണം തിരിച്ചുപിടിക്കാനായി എത്തിയ സംഘമാണ് പിടിയിലായത്. പണം നൽകാനുളള ആളെ ആക്രമിച്ച് തിരികെ മടങ്ങുന്പോഴാണ് പൊലീസ് ഇവരെ പിടികൂടിയത്. തമിഴ്നാട് സേലം സ്വദേശികളായ പാർഥിവൻ, പ്രസാത്ത്‌, സുരേഷ്‌കുമാർ, രവിചന്ദ്രൻ, കാർത്തി, സതീഷ് കുമാർ എന്നിവരാണ് പിടിയിലായത്. 

പരിചയക്കാരനായ പുത്തൻതെരുവ് സ്വദേശി ഹരിഹരന് ഓഹരി വിപണിയിൽ നിക്ഷേപിക്കാനായി പാർഥിവനും പ്രസാത്തും നാല് വ‍ർഷം മുൻപ് പണം കടം നൽകിയിരുന്നു. പണം തിരിച്ചു നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകളുമായാണ് ഇവർ തിരുവനന്തപുരത്തേക്ക് വന്നത്. തുടർന്ന് വീടിന് സമീപത്ത് വച്ച് ഹരിഹരനെ ആക്രമിച്ചു. മാരകായുധങ്ങൾ കാട്ടി ഹരിഹരനെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും പാസ്‌പോർട്ടും ഉൾപ്പെടെയുളളവ കവർന്നു. 

ചെക് ലീഫുകളും ബാങ്ക് മുദ്രപത്രങ്ങളും ഒപ്പിടുവിച്ച ശേഷം ഹരിഹരനെ വിട്ടയച്ചു. തുടർന്ന് ഫോർട്ട് പൊലീസിൽ ഹരിഹരൻ പരാതി നൽകി. പൊലീസിന്റെ തെരച്ചിലിൽ തിരുവനന്തപുരം സംഗീത കോളേജ് പരിസരത്ത് വെച്ച് ഗുണ്ടാസംഘത്തെ പിടികൂടുകയായിരുന്നു. തമിഴ്നാട്ടിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയുടെ കൊടി പതിപ്പിച്ച വാഹനത്തിലാണ് ഇവർ കേരളത്തിലെത്തിയത്. വാഹനം പൊലീസ് പിടിച്ചെടുത്തത്. നാൽപത് ലക്ഷത്തോളം രൂപ ഹരിഹരൻ നൽകാനുണ്ടെന്നാണ് സംഘം പൊലീസിനെ അറിയിച്ചത്. പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി.

click me!