
കോഴിക്കോട്: റെയിൽവേ ലൈൻ മുറിച്ചുകടത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നും റെയിൽവേ ലൈൻ മുറിച്ചുകടത്തിയ ശേഷം കേരളത്തിലേക്ക് ഒളിച്ച് കടന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ആളാണ് പിടിയിലായത്. നെയ് വേലി സേതുതാം കൊപ്പം രാമചന്ദ്രൻ (60 ) ആണ്കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിന്‍റെ പിടിയിലായത്.
2004 ൽ തമിഴ്നാട്ടിലെ തൃച്ചി ഡിവിഷനിൽ നിന്നും റെയിൽവേ ലൈൻ മുറിച്ച് മോഷണം നടത്തിയ രാമചന്ദ്രന്‍ അടക്കമുള്ള 16 പേരെ വില്ലുപുരം ആർ.പി.എഫ് പിടികൂടിയിരുന്നു. വിചാരണ വേളയിലാണ് രാമചന്ദ്രൻ കോഴിക്കോട്ടേക്ക് മുങ്ങിയത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കോഴിക്കോട് എത്തുകയും ക്രൈം സ്ക്വാഡ് അംഗങ്ങളെ സമീപിക്കുകയുമായിരുന്നു. തുടർന്ന് നോർത്ത് അസിസ്റ്റന്‍റ് കമ്മീഷണർ കെ.അഷ്റഫിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇയാളുടെ വർഷങ്ങൾക്ക് മുമ്പുള്ള ഒരു ഫോട്ടോ മാത്രമായിരുന്നു പോലീസിന്‍റെ കൈകളിൽ ഉണ്ടായിരുന്നത്.
കോഴിക്കോട് നഗരത്തിലെ തമിഴ്നാട് സ്വദേശികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പോലീസ് നേരിട്ടും അല്ലാതെയും പരിശോധനകൾ നടത്തുകയും രാമചന്ദ്രൻ എന്ന പേരിൽ ഇങ്ങനെ ഒരാൾ താമസിക്കുന്നില്ലെന്നും അറിയുവാൻ കഴിഞ്ഞു. പിന്നീട് ഫോട്ടോയിൽ സാമ്യമുള്ള ഒരാൾ ഷാദുലി എന്ന പേരിൽ കോഴിക്കോട് സിറ്റിയിൽ വിവിധ ജോലികൾ ചെയ്ത് മുസ്ലിംപള്ളിയിൽ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ച ക്രൈം സ്ക്വാഡ് പിന്നീടുള്ള അന്വേഷണം പള്ളികൾ കേന്ദ്രീകരിക്കുകയായിരുന്നു.
നഗരത്തിലെ ഒരു പള്ളിയുടെ സമീപത്ത് നിന്നാണ് ഇയാളെ പോലീസ് തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. പിടിക്കപ്പെടുമെന്ന ഭയത്താൽ ഇയാൾ തമിഴ്നാട്ടിലെ കുടുംബത്തെ പോലും ഉപേക്ഷിച്ചിരുന്നു. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ,ഷാഫി പറമ്പത്ത്,എ.പ്രശാന്ത് കുമാർ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,എ വി സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam