ജോലിത്തിരക്ക്: പ്രൊഫസറും ഭര്‍ത്താവും രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കി; പൊലീസ് കേസെടുത്തു

By Web TeamFirst Published Jan 6, 2020, 10:23 AM IST
Highlights

നഗരത്തിലെ സ്വകാര്യ കോളേജില്‍ അദ്ധ്യാപികയാണ് 35-കാരിയായ യുവതി. കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ബെംഗളൂരു: ജോലിത്തിരക്ക് കാരണം രണ്ട് മാസം പ്രായമായ കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദത്തുനല്‍കിയ ദമ്പതികള്‍ക്കെതിരെ കേസ്. ബെംഗളൂരു സ്വദേശിയായ വനിത പ്രൊഫസര്‍ക്കും ഭര്‍ത്താവിനും എതിരെയാണ് കേസ്. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ പാശ്ചാത്തപം തോന്നി പിന്നീട് കുഞ്ഞിനെ തിരിച്ച് ലഭിക്കാന്‍ പൊലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത്. അനധികൃതമായ ദത്ത് നല്‍കലാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു.

നഗരത്തിലെ സ്വകാര്യ കോളേജില്‍ അദ്ധ്യാപികയാണ് 35-കാരിയായ യുവതി. കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് എഞ്ചിനീയറാണ്. ഇരുവരുടെയും ജോലിത്തിരക്കാണ് പ്രശ്നത്തിലേക്ക് നയിച്ചത്. ഇതോടെ കുട്ടിയെ ദത്ത് നല്‍കാന്‍ തീരുമാനിച്ചു. മൈസൂരിലെ ഭര്‍ത്താവിന്‍റെ ബന്ധുവായ യുവാവ് വഴി ദത്തെടുക്കാനുള്ള ദമ്പതികളെ ഇവര്‍ കണ്ടെത്തി. അങ്ങനെ ഡിസംബര്‍ 16-ന് ഇവര്‍ കുട്ടിയെ കൈമാറി.

ദത്തെടുത്ത ദമ്പതികള്‍ക്ക് കുട്ടികള്‍ ഉണ്ടാകരുത് എന്നതായിരുന്നു പ്രൊഫസറുടെയും ഭര്‍ത്താവിന്‍റെയും നിബന്ധന. എന്നാല്‍ കുട്ടിയെ കൈമാറി വീട്ടില്‍ തിരിച്ചെത്തിയതോടെ പ്രൊഫസര്‍ക്ക് പുനര്‍ചിന്ത ഉണ്ടായി. കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇവരെ അലട്ടി. ദത്തെടുത്തു കുട്ടിയെ തിരിച്ചുവാങ്ങുവാന്‍ ഇവര്‍ തീരുമാനിച്ചു. എന്നാല്‍ ഇപ്പോഴെക്കും കുട്ടിയെ വാങ്ങിയ ദമ്പതികളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

ഇതോടെയാണ് പ്രൊഫസറും ഭര്‍ത്താവും പൊലീസിനെ സമീപിച്ചത്. ചന്നമ്മകെരെ അച്ചുക്കാട് പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇവര്‍ ദത്ത് നല്‍കിയത് അനധികൃതമായണെന്ന് മനസിലാക്കിയതോടെ ഇവര്‍ക്കെതിരെ കേസ് എടുത്തു. കുട്ടിയെ വാങ്ങിയ ദമ്പതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുകയാണ്.

click me!