മദ്രസയിൽ പോകാതിരിക്കാൻ കൂട്ടുകാരനെ കൊന്ന് കുഴിച്ചുമൂടി, ചോദ്യം ചെയ്യലിൽ പതറിയതോടെ പിടിവീണു

By Web TeamFirst Published Sep 12, 2022, 12:21 PM IST
Highlights

കൊലപാതകം വഴി മദ്രസയുടെ പേര് നഷ്ടപ്പെടുമെന്നും ഇതിലൂടെ ഇനി മദ്രസയിൽ പഠിക്കാതിരിക്കാമെന്നുമായിരുന്നു 13കാരന്റെ ധാരണ

ദില്ലി : മദ്രസയിലെ പഠനം ഉപേക്ഷിക്കാൻ സഹപാഠിയെ മദ്രസയ്ക്കുള്ളിൽ തന്നെ കൊന്നിട്ട് വിദ്യാർത്ഥി. കൊലപാതകം വഴി മദ്രസയുടെ പേര് നശിപ്പിക്കുകയും ഇതിലൂടെ ഇനി മദ്രസയിൽ പഠിക്കാതിരിക്കുകയുമായിരുന്നു വിദ്യാർത്ഥിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി 11 വയസ്സുകാരനെ 13 കാരൻ ശ്വാസം മുട്ടിച്ച് കൊന്നു. ഹരിയാനയിലെ നഹ് എന്ന സ്ഥലത്താണ് ക്രൂരമായ കൊലപാതകം നടന്നത്. 

മദ്രസയ്ക്ക് സമീപത്തെ ​ഗ്രാമത്തിലാണ് 11 കാരനായ സമീർ താമസിക്കുന്നത്. സമീറിന്റെ മൃതദേഹം മദ്രസയ്ക്കുള്ളിൽ കണ്ടെത്തിയത് തിങ്കളാഴ്ചയാണ്. പ്രതിയായ 13 കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ ശേഷം ഫരീദാബാദിലെ ജുവനൈൽ ഹോമിലേക്ക് മാറ്റി. 

പ്രാർത്ഥനകൾക്കായി നിരവധി പേർ വെള്ളിയാഴ്ച മദ്രസയിൽ എത്തുമെന്നതിനാൽ ശനിയാഴ്ചയാണ് കൊലപാതകത്തിനായി പ്രതി തിരഞ്ഞെടുത്തതെന്ന് പൊലീസ് പറഞ്ഞു. മദ്രസയുടെ താഴെയുള്ള മുറിയിലേക്ക് സമീറിനെ കൂട്ടിക്കൊണ്ടുപോയ പ്രതി അവിടെ വച്ച് സമീറിനെ കൊന്ന് മൃതദേഹം മണലിൽ പൂഴ്ത്തി. 

പ്രതിയും സമീറും സുഹൃത്തുക്കളായിരുന്നുവെന്നും ഇവർ ഒരുമിച്ചാണ് കളിച്ചിരുന്നതെന്നും പൊലീസ് സൂപ്രണ്ട് വരുൺ സിം​ഗ്ല പറഞ്ഞു. മദ്രസയിലെത്തിയ പൊലീസ് കുറച്ച് വിദ്യാർത്ഥികളെ ചോദ്യം ചെയ്തതോടെ 13 കാരൻ ഭയപ്പെട്ടു. ചോദ്യം ചെയ്യലിനിടെ താൻ സമീറിനെ കൊന്നുവെന്ന് കുട്ടി സമ്മതിച്ചു. സെപ്റ്റംബർ മൂന്നിനാണ് കൊന്നതെന്നും അറിയിച്ചു.

സെപ്തംബർ അഞ്ചിനാണ് അഴുകിയ നിലയിൽ സമീറിന്റെ മൃതദേഹം കണ്ടെടുത്തത്. സമീറിന്റെ ബന്ധുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീർ 2021 മുതൽ മദ്രസയിൽ നിന്ന് പഠനം തുടർന്ന് വരികയായിരുന്നു. സെപ്റ്റംബർ 3നാണ് ​ഗ്രാമത്തിലൊരാൾ സമീറിനെ കാണാനില്ലെന്ന് ബന്ധുക്കളെ വിളിച്ച് വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സെപ്തംബർ അഞ്ചിന് മദ്രസാ കെട്ടിടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. 

click me!