ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസിന് കീഴടങ്ങി

By Web TeamFirst Published Aug 6, 2019, 11:02 AM IST
Highlights

സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നുചാന്ദിനി. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രവീണ്‍ കുമാറുമായി ചാന്ദിനി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. 

ഹൈദരാബാദ്: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ യുവാവ് പൊലീസിന് കീഴടങ്ങി. തെലങ്കാനയിലെ ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.  33കാരനായ ഗുരു പ്രവീണ്‍ കുമാറാണ് 28 കാരിയായ ഭാര്യ ചാന്ദിനിയെ കൊലപ്പെടുത്തിയത്. തുടര്‍ന്നാണ് മകന്‍ പ്രവീണ്‍, മകള്‍ ക്രിസ്റ്റി എന്നിവരെ പ്രവീണ്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി. 

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,  സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നുചാന്ദിനി. ആദ്യ ബന്ധം വേര്‍പ്പെടുത്തിയ ശേഷം പ്രവീണ്‍ കുമാറുമായി ചാന്ദിനി പ്രണയത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചാന്ദിനിക്ക് അവിഹിതബന്ധമുണ്ടെന്ന് പ്രവീണ്‍ കുമാര്‍ സംശയിക്കുകയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നെന്നാണ് നാട്ടുകാരുടെ മൊഴി.

ഞായറാഴ്ച രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വലിയ വഴക്കുണ്ടായി. തുടര്‍ന്ന് അമ്മയെയും സഹോദരനെയും പ്രവീണ്‍ വീട്ടില്‍ നിന്നും ഇറക്കിവിട്ടതിന് ശേഷമായിരുന്നു വഴക്ക്. ഇതിന് പിന്നാലെ പ്രവീണ്‍ കുമാര്‍ ചാന്ദിനിയെ ആക്രമിച്ചു. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. തലയ്ക്ക് മാരകമായി പരുക്ക് പറ്റിയ ചാന്ദിനി സംഭവംസ്ഥലത്തുവെച്ച് തന്നെ മരിച്ചു. 

ചാന്ദിനിയുടെ കൊലപാതകത്തിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പ്രവീണിന്റെ തീരുമാനം. എന്നാല്‍ അങ്ങനെ ചെയ്താല്‍ മക്കള്‍ അനാഥരാകുമെന്ന് ചിന്തിച്ച പ്രതി പിന്നീട് മക്കളെയും ഇല്ലാതാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. മൂത്ത മകന്‍ അയാനെ പ്രവീണ്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, മകള്‍ ക്രിസ്റ്റിയുടെ തലയ്ക്ക് ഇരുമ്പ് ദണ്ഡിന് അടിച്ച് കൊലപ്പെടുത്തി.

അഞ്ച് വര്‍ഷം മുമ്പാണ് ചാന്ദിനിയുടെ ആദ്യ വിവാഹം കഴിഞ്ഞത്. ആ ബന്ധത്തിലെ കുട്ടിയാണ് അയാന്‍. പ്രവീണുമായുള്ള ബന്ധത്തിലെ കുട്ടിയാണ് ക്രിസ്റ്റി. ചാന്ദിനിയെ ശാരീരികവും മാനസികവുമായി പ്രവീണ്‍ പീഡിപ്പിച്ചിരുന്നു. ഇതിന് തടസ്സം നില്‍ക്കാന്‍ ശ്രമിച്ചിരുന്ന സ്വന്തം കുടുംബത്തെയും പ്രവീണ്‍ ചീത്ത വീളിച്ചിരുന്നു. ദമ്പതികള്‍ തര്‍ക്കിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രവീണിന്‍റെ ബന്ധുക്കള്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചിരുന്നു. 

സംഭവദിവസം രാത്രിയില്‍ പോലീസ് സ്റ്റേഷനില്‍ നിന്നും പ്രവീണിന്‍റെ സഹോദരന്‍ ഫോണ്‍ ചെയ്ത് ബൈക്കിന്‍റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോലുമായി എത്തിയ ശേഷം പ്രവീണ്‍ പോലീസില്‍ കീഴടങ്ങി. കുറ്റസമ്മതവും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയ പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

click me!