ഹൈദരാബാദ്: ഇരുപത്തിയാറുകാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് പെട്രോളൊഴിച്ച് തീ കൊളുത്തിക്കൊന്ന കേസ് അതിവേഗ കോടതിയിൽ പെട്ടെന്ന് തന്നെ വിചാരണ നടത്തി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. രാജ്യമെ്പാടും കടുത്ത പ്രതിഷേധം അലയടിച്ച കേസിൽ ജനരോഷം ഭയന്നാണ് ഒടുവിൽ സർക്കാർ ഇടപെടുന്നത്. ദേശീയപാതയായിരുന്നിട്ട് കൂടി, ഇവിടെ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചെന്നതും, ഇതിനെക്കുറിച്ച് പൊലീസിന് ഒരു വിവരവും കിട്ടിയില്ല എന്നതും കടുത്ത അലംഭാവമാണെന്ന തരത്തിൽ വലിയ പ്രതിഷേധമുയർന്നിരുന്നു. കേസന്വേഷണത്തിനായി എത്തിയ പൊലീസുകാരുടെ നേർക്ക് രോഷാകുലരായ ജനക്കൂട്ടം ചെരിപ്പുകളും കല്ലും എറിഞ്ഞു.
ഈ സാഹചര്യത്തിൽക്കൂടിയാണ് സർക്കാർ അടിയന്തരമായി ഇടപെട്ട് തീരുമാനം പ്രഖ്യാപിക്കുന്നത്. യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിൽ അലംഭാവം കാട്ടിയ മൂന്ന് പൊലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
2012-ൽ പെൺകുട്ടിയെ ബസ്സിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നതിന് സമാനമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. നഗരങ്ങളിൽപ്പോലും സ്ത്രീകൾക്ക് സുരക്ഷയില്ലെന്നതിന്‍റെ സൂചനയാണിതെന്ന് ചൂണ്ടിക്കാട്ടി, #ഹാങ്‍ ദ റേപ്പിസ്റ്റ്സ് എന്ന ഹാഷ് ടാഗ് ക്യാംപെയ്നും തുടങ്ങിയിരുന്നു.
സംഭവം ഇങ്ങനെ:
ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയിൽ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്. ഷംസാബാദ് സ്വദേശിയായ മൃഗഡോക്ടറുടേതെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അന്വേഷണത്തിനൊടുവിൽ കൊലപാതകം നടത്തിയ നാല് പേരെ പൊലീസ് പിടികൂടി. തെലങ്കാനയിലെ നാരായൺപേട്ട് ജില്ലക്കാരനായ ട്രക്ക് ഡ്രൈവറും ഇരുപതുകാരായ മൂന്ന് യുവാക്കളും. മുൻ കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി ഇവർ നടപ്പാക്കിയത് എങ്ങനെയെന്ന് പൊലീസ് പറയുന്നു.
നവാബ്പേട്ടിലെ ക്ലിനിക്കിലേക്കാണ് യുവതി ബുധനാഴ്ച വൈകീട്ട് പോയത്. വഴിയിലുളള ഷംസാബാദിലെ ടോൾഗേറ്റിനടുത്ത് സ്കൂട്ടർ നിർത്തി,അവിടെ നിന്ന് ടാക്സിവിളിച്ച് നവാബ്പേട്ടിലേക്ക്. പ്രതികൾ നാല് പേരും ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യുവതി പോയ ഉടൻ ഇവർ ടയറിന്‍റെ കാറ്റൂരി വിട്ടു. തിരിച്ചെത്താൻ കാത്തിരുന്നു. രാത്രി ഒൻപതരയോടെയാണ് യുവതി എത്തിയത്. ടയർ കേടായത് കണ്ടയുടൻ ഇവർ സഹോദരിയെ വിളിച്ച് കാര്യം പറഞ്ഞു.
ട്രക്ക് ഡ്രൈവർമാർ കുറേപ്പേർ ഉണ്ടെന്നും പേടിയാകുന്നുവെന്നും പറഞ്ഞു. ഇതിനിടെ പ്രതികളിലൊരാൾ സ്കൂട്ടർ നന്നാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് അടുത്തെത്തി. യുവതി ഇത് സ്വീകരിച്ചു.
ടോൾഗേറ്റിനടുത്തേക്ക് മാറിനിൽക്കാൻ സഹോദരി പറഞ്ഞെങ്കിലും സ്കൂട്ടർ നന്നാക്കിക്കിട്ടുന്നത് വരെ സ്ഥലത്ത് തുടരാമെന്നാണ് യുവതി പറഞ്ഞത്. വർക്ക്ഷോപ്പ് തുറന്നിട്ടില്ലെന്ന മറുപടിയുമായി ഒരാൾ ഇതിനിടെ വന്നു. ഇയാൾക്കൊപ്പം മറ്റ് രണ്ട് പ്രതികളും ചേർന്നു.
ട്രക്കുകളുടെ മറവിൽ നിന്നിരുന്ന യുവതിയെ ബലമായി അടുത്തുളള കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്തു. നാലാമനും ഇവർക്കൊപ്പം ചേർന്നു. വായിൽ മദ്യമൊഴിച്ച് ബോധം കെടുത്തിയാണ് ബലാത്സംഗം ചെയ്തത്. ബോധം തെളിഞ്ഞ യുവതി കരയാൻ തുടങ്ങി. ഇതോടെ, യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ലോറിയിൽ കയറ്റി. രണ്ട് പേർ ഇവരുടെ സ്കൂട്ടറുമായി പമ്പുകളിൽ കറങ്ങി പെട്രോൾ വാങ്ങി. ഒഴിഞ്ഞ സ്ഥലത്തെ അടിപ്പാതയിലെത്തിച്ച് പിന്നീട് തീകൊളുത്തുകയായിരുന്നു.
ട്രക്കുകളുടെ മറവിലായതിനാൽ റോഡിലൂടെ പൊയവരൊന്നും സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ രാത്രി തന്നെ ബന്ധുക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
എന്നാൽ എഫ്ഐആർ കൃത്യമായി റജിസ്റ്റർ ചെയ്യാനോ ഉടനടി നടപടികളെടുക്കാനോ പൊലീസ് തയ്യാറായില്ല. പൊലീസാണ് ഈ മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ തന്നെ ആരോപിച്ചിരുന്നതാണ്.
ഇതിനിടെ, യുവതി സമയത്ത് പൊലീസിനെ വിളിക്കാതിരുന്നത് ശരിയായില്ലെന്ന തെലങ്കാന ആഭ്യന്തര മന്ത്രി മെഹമൂദ് അലിയുടെ പ്രസ്താവന വിവാദമായി. ഇതെല്ലാം ജനരോഷം കൂട്ടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam