
കോഴിക്കോട്: താമരശ്ശേരി പ്രവാസി ഷാഫിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. വെങ്കണക്കൽ മുഹമ്മദ് ഷിബിൽ ആണ് താമരശ്ശേരി പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ഷാഫിയെ കുറിച്ച് ക്വട്ടേഷൻ സംഘങ്ങൾക്ക് വിവരം നൽകിയത് ഷിബിൽ ആയിരുന്നു. സംഭവത്തിന് ശേഷം ഷിബിൽ ഒളിവിൽ പോയിരുന്നു.
ഏപ്രിൽ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഷാഫിയെയും ഭാര്യയെയും മുഖംമൂടി ധരിച്ചെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഷാഫിയുടെ ഭാര്യയെ വഴിയിൽ ഉപേക്ഷിച്ച ശേഷം ഇയാളെയും കൊണ്ട് കടന്നു കളയുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷനുകളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച പൊലീസ് അന്വേഷണം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഷാഫിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കർണാടകയിൽ നിന്ന് ഇയാളെ അന്വേഷണ സംഘം കണ്ടെത്തി.