കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ ആദ്യഭർത്താവ് റോയ് തോമസിന്‍റെ ദേഹത്ത് നിന്ന് ഏലസ്സ് കണ്ടെത്തിയിരുന്നതായി സൂചന. ആ ഏലസ്സ് പൂജിച്ച് നൽകിയെന്ന് കരുതപ്പെടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സ്യനെ ഇന്ന് രാവിലെ മുതൽ കാണാനില്ല. വാർത്താമാധ്യമങ്ങളിൽ റോയിയുടേത് കൊലപാതകമാണെന്ന വാർത്ത സജീവമായതോടെയാണ് കട്ടപ്പനക്കാരൻ കൃഷ്ണകുമാർ എന്ന ജ്യോത്സ്യൻ ഒളിവിൽ പോയത്.
കൃഷ്ണകുമാറിന് മൂന്ന് മൊബൈൽ നമ്പറുകളാണുള്ളത്. ഈ മൂന്നെണ്ണത്തിൽ രണ്ടെണ്ണം സ്വിച്ച്ഡ് ഓഫാണ്. ഒരെണ്ണത്തിൽ തുടർച്ചയായി ഫോൺ വിളിച്ചിട്ടും എടുക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവർത്തകർ കൃഷ്ണകുമാറിന്‍റെ വീട്ടിലെത്തിയത്. ഇവിടെ പണി തീരാത്ത ഒരു വലിയ വീടും കൃഷ്ണകുമാറിന്‍റെ കുടുംബവുമാണുള്ളത്. ഇന്ന് രാവിലെ വരെ കൃഷ്ണകുമാർ വീട്ടിലുണ്ടായിരുന്നെന്നും വാർത്തകളൊക്കെ കാണുന്നുണ്ടെന്നും അച്ഛൻ പറയുന്നു. എന്നാൽ പിന്നീട് രാവിലെ അൽപസമയം മുമ്പ് വീട്ടിൽ നിന്ന് പോയി.
നിലവിൽ കട്ടപ്പനയിലോ പരിസരത്തോ കൃഷ്ണകുമാറില്ല. ഈ സാഹചര്യത്തിൽ ഇയാൾ ഒളിവിലാണെന്ന് തന്നെയാണ് സൂചന. തീർത്തും ദുരൂഹമായിരുന്നു ഇയാളുടെ ജീവിതരീതി എന്ന് നാട്ടുകാർ തന്നെ പറയുന്നു. ഏലസ്സും മന്ത്രവാദവും തകിട് കെട്ടലുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇയാൾക്കെതിരെ നാട്ടിലുള്ളത്.
ജോളി എന്ന സ്ത്രീയെ അറിയാമോ എന്ന ചോദ്യത്തിന് ''ഏത് ജോളി'' എന്നാണ് കൃഷ്ണകുമാറിന്‍റെ അച്ഛൻ ചോദിച്ചത്. കൂടത്തായി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വാർത്തകൾ കണ്ടിട്ടുണ്ട്. അതല്ലാതെ ജോളി എന്നയാളെക്കുറിച്ചോ റോയ് തോമസ് എന്നയാളെക്കുറിച്ചോ ഒന്നുമറിയില്ലെന്നും കൃഷ്ണകുമാറിന്‍റെ അച്ഛൻ പറയുന്നു.
റോയ് തോമസുമായും ജോളിയുമായും ഈ ജ്യോത്സ്യന് നല്ല ബന്ധമായിരുന്നെന്നാണ് സൂചന. ഇത്തരം സൂചനകൾ തന്നെയാണ് അയൽവാസികളും നൽകുന്നത്. ജോളിയും കട്ടപ്പന സ്വദേശിയാണ്. പണം നേടാനും മറ്റ് ആഭിചാര കർമ്മങ്ങൾക്കുമായി ജോളിയും റോയ് തോമസും ഇയാളെ സമീപിച്ചിരുന്നുവെന്നാണ് സൂചന. ഇതിന്‍റെ ഭാഗമായാണ് റോയ് തോമസിന് ഇയാൾ ഏലസ്സ് ജപിച്ച് കൊടുത്തത്.
2011-ൽ മരിക്കുമ്പോഴും റോയ് തോമസിന്‍റെ ദേഹത്ത് ഈ ഏലസ്സുണ്ടായിരുന്നു. കൂടത്തായിയിലെ പൊന്നാമറ്റത്തെ ചില അയൽക്കാരും റോയ് തോമസും ജോളിയും ചേർന്ന് ചില ആഭിചാര ക്രിയകൾ വീട്ടിൽ ചെയ്തിരുന്നുവെന്ന് പറയുന്നുണ്ട്. എന്നാൽ ഇത് പൊലീസ് പൂർണമായും സ്ഥിരീകരിക്കുന്നില്ല.
കടുത്ത ദൈവവിശ്വാസിയായിരുന്നു ജോളിയെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുന്നു. സ്ഥിരമായി പള്ളിയിൽ പോകുമായിരുന്നു. ദൈവഭക്തയായിരുന്നു. അയൽക്കാരിൽ പലരോടും ദൈവത്തെക്കുറിച്ചും പ്രാർത്ഥനാ പരിപാടികളെക്കുറിച്ചും സംസാരിക്കുമായിരുന്നു.
എന്നാൽ പൊന്നാമറ്റം വീടിന് ചില ദോഷങ്ങളുണ്ടെന്നും, അതാണ് തുടർച്ചയായി ചില മരണങ്ങളുണ്ടാകുന്നതെന്നും ജോളി അയൽക്കാരോട് പറഞ്ഞെന്നും സൂചനയുണ്ട്. ആദ്യം നാട്ടുകാർ ഇത് വിശ്വസിച്ചിരുന്നു. എന്നാൽ ജോളിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിത്തുടങ്ങി. രണ്ടാം വിവാഹത്തിന് ശേഷം ജോളി പൂർണമായും നാട്ടുകാരിൽ നിന്ന് അകലുകയും അധികം സംസാരിക്കാതാവുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam