
ലക്നൌ: യുപിയിൽ വ്യാഴാഴ്ച മുതൽ കാണാതായ ആറ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. പശ്ചിമ ഉത്തർപ്രദേശിലെ ഹാപ്പൂരിലെ വീട്ടിൽ നിന്നാണ് വൈകീട്ടോട കുട്ടിയെ കാണാതായത്. എന്നാൽ ഇന്ന് കുട്ടിയുടെ മൃതദേഹം അയൽവാസിയുടെ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്ന് ഒരു പെട്ടിയിലടച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കൊണ്ടുപോയതായി ഹാപൂർ പൊലീസ് എസ് പി സർവേഷ് കുമാർ മിശ്ര പറഞ്ഞു. ഇതും ബലാത്സഗക്കൊലപാതകമാണോ എന്ന ചോദ്യത്തിന് പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാനാകൂ എന്ന് എസ് പി വ്യക്തമാക്കി.
ഇന്നലെയാണ് കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചത്. ഇന്ന് അയൽവാസിയുടെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി വിവരം ലഭിച്ചു. ഒരു സംഘം പരിശോധനക്കെത്തിയെങ്കിലും മുൻവശത്തെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് വാതിൽ തകർത്ത് വീട്ടിനകത്ത് കയറുകയായിരുന്നു. വീട്ടിനകത്ത് നടത്തിയ പരിശോധനയിലാണ് പെട്ടിക്കുള്ളിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും എസ് പി പറഞ്ഞു.
മൃതദേഹം കണ്ടെത്തിയ വീട്ടിന്റെ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കൊണ്ടുപോകുമ്പോൾ പ്രദേശത്തുള്ളവർ ഇയാളെ ആക്രമിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇയാളെ ഇവിടെ നിന്ന് കൊണ്ടുപോയത്. ഒരു വലിയ മെറ്റൽ പെട്ടിയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം മറയ്ക്കാൻ പെട്ടിയിൽ തുണി കുത്തിനിറച്ചിരുന്നു.
തന്നോട് അഞ്ച് രൂപ വാങ്ങിയ മകൾ അതുമായി എന്തോ വാങ്ങാനെന്ന് പറഞ്ഞ് കടയിലേക്ക് പോയി. പിന്നീട് തിരിച്ചുവന്നില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. അടുത്ത ദിവസം തന്നെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.