
മുംബൈ: മഹാരാഷ്ട്രയിലെ അമരാവതിയിൽ വിവാഹവീട് യുദ്ധക്കളമായി. വേദിയിൽ ഒരാൾ കത്തി വരനെ കുത്തി പരിക്കേൽപ്പിച്ചു. ചൊവ്വാഴ്ച രാത്രി അമരാവതിക്ക് സമീപമുള്ള ബദ്‌നേരയിലെ സാഹിൽ ലോണിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വരൻ സുജൽ സമുദ്രെ (22) ചികിത്സയിലാണ്. വിവാഹ ചടങ്ങ് പകർത്താൻ വീഡിയോ ഗ്രാഫർ ഉപയോഗിച്ച ഡ്രോൺ ക്യാമറയിൽ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പതിഞ്ഞു. ആഘോഷത്തിനിടെ രാഘവ് എന്ന രാഘോ ജിതേന്ദ്ര ബക്ഷി എന്ന അക്രമി വേദിയിലേക്ക് പാഞ്ഞുകയറുകയും വരനെ കുത്തി ബൈക്കിൽ രക്ഷപ്പെടുകയും ചെയ്ത നിമിഷമടക്കം ക്യാമറ പകർത്തി. ഡ്രോൺ ഓപ്പറേറ്റർ രാഘവിന്റെ വാഹനത്തെ ഒരു കിലോമീറ്ററോളം പിന്തുടർന്ന് ഓരോ ചലനവും പകർത്തിയതായി പൊലീസ് പറഞ്ഞു.
രാത്രി 9.30 ഓടെ, പ്രതി വേദിയിലേക്ക് ഓടിക്കയറി, വധുവിനൊപ്പം ആശംസകൾ സ്വീകരിക്കുകയായിരുന്ന വരന്റെ ഇടതു തുടയിലും കാൽമുട്ടിലും മൂർച്ചയുള്ള കത്തി ഉപയോഗിച്ച് മൂന്ന് തവണ കുത്തി. സുജലിന്റെ അമ്മയും വധുവും സംഭവസ്ഥലത്ത് ബോധംകെട്ടുവീണു. സുജലിനെ അമരാവതിയിലെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജലിന്റെ മുറിവുകൾ ആഴത്തിലുള്ളതാണെന്നും എന്നാൽ അദ്ദേഹത്തിന്റെ നില സ്ഥിരമായി തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.
ഡിജെ ഫ്ലോറിന് സമീപം നൃത്തം ചെയ്യുന്നതിനിടെയുണ്ടായ തർക്കമോ, ഡിജെ സേവനങ്ങൾക്കുള്ള പണം നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കമോ ആകാം ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യത്തിന്റെ ഫലമായാണ് ആക്രമണമെന്ന് ഡിസിപി ഗണേഷ് ഷിൻഡെ പറഞ്ഞു. പ്രതി ഒളിവിലാണ്. ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 109(1), 307, 324, 504, 506 എന്നിവ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ട് പരാതികളിലും അന്വേഷണം നടത്തുകയും ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.