
ചേർത്തല: ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലെ ഭക്ഷണശാലയിൽ മോഷണം. അലമാരയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരം രൂപ നഷ്ടപ്പെട്ടു. കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡ് തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടി (65) യുടെ ആര്യഭവൻ എന്ന ഭക്ഷണശാലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. ബുധനാഴ്ച പുലർച്ചെ കട തുറക്കാൻ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചേർത്തല പൊലീസിൽ പരാതി നല്‍കി. കടയുടെ വാടകയും, മറ്റ് സാധനങ്ങൾ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്. കടയുടെ പുറക് വശത്ത് കൂടി മുകളിൽ കയറി എക്സോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാവ് കടയിൽ കയറിയത്. 18 വർഷമായി കട നടത്തുന്ന മുഹമ്മദ് കുട്ടി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടുന്ന ആളാണ്. ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇതിനിടെ കൊച്ചിയില്‍ കഞ്ചാവുമായി മോഷണക്കേസിലെ പ്രതിയെ പിടികൂടി. ഐരാപുരം കൂയൂർ പാറത്തട്ടയിൽ മനുമോഹൻ (23) നെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും നൂറ്റിയമ്പത് ഗ്രാം കഞ്ചാവും, ചെറിയ പായ്ക്കിംഗ് കവറുകളും പിടികൂടി. വിദ്യാർത്ഥികൾക്കും, അതിഥി തൊഴിലാളികൾക്കുമാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത് എന്ന് പൊലീസ് പറഞ്ഞു. ചെറിയ പാക്കറ്റുകളിലാക്കിയായിരുന്നു വിൽപ്പന. ഇയാൾ നേരത്തെ മയക്കുമരുന്ന് കേസിലെ പ്രതിയും കൂടാതെ കുറപ്പംപടി, കുന്നത്തുനാട് പൊലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളിലെ പ്രതിയുമാണെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കഞ്ചാവ് പിടികൂടിയത്. ഇൻസ്പെക്ടർ വി.പി.സുധീഷ്, എസ്.ഐമാരായ എ.ബി.സതീഷ് , കെ.ആർ.ഹരിദാസ് എസ്.സി.പി.ഒ മാരായ ടി.എ.അഫ്സൽ അലിക്കുഞ്ഞ്, അഭിലാഷ് കുമാര്‍, ഇ.എസ്.ബിന്ദു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.