
കൊല്ലം: വീടുകളിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന തമിഴ് നാടോടി സംഘത്തിലെ സ്ത്രീകൾ കൊല്ലം ഓച്ചിറയിൽ പിടിയിൽ. ജില്ലയുടെ മറ്റ് ഭാഗങ്ങളിലും നടന്ന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്ന് ഓച്ചിറ പൊലീസ് പറയുന്നു.
സേലം കക്കപ്പാളയം സ്വദേശികളായ ലക്ഷ്മി, മാരി കൗസല്യ എന്നിവരാണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേനയായിരുന്നു ഇവർ വീടുകളിൽ എത്തിയിരുന്നത്. ചങ്ങൻകുളങ്ങര ശ്രീമന്ദിരത്തിൽ വിനോദിന്റെ വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെ ഇവരെ നാട്ടുകാർ പിടികൂടുകയായിരുന്നു.
ഓച്ചിറയിലും സമീപ പ്രദേശങ്ങളിലും അടുത്തിടെ പലയിടത്തും മോഷണം നടന്നിരുന്നു. വീടുകളിലും ബസിനുള്ളിലുമായിരുന്നു മോഷണം. ഈ സംഭവങ്ങളിൽ ഇന്ന് പിടിയിലായവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരുകയാണ്. പ്രതികളെ കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
അതിനിടെ, സംസ്ഥാനത്തുടനീളം 30 ലേറെ മോഷണ കേസുകളിൽ പ്രതിയായ ആളെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഏഴാച്ചേരി സ്വദേശി വിഷ്ണു പ്രശാന്തിനെയാണ് രാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ മാസം 22ന് രാമപുരം കുടപ്പുലം ഭാഗത്ത് വെച്ച് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ഒളിവിൽ പോയ വിഷ്ണു പ്രശാന്തിനെ ഒറ്റപ്പാലത്തു നിന്നാണ് പിടികൂടിയത്.
Read Also: കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തല്‍; നാല് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ