
മലപ്പുറം: മുള്ളമ്പാറ റോഡില്‍ ജഡ്ജിയുടെ (Judge) വാടക ക്വാര്‍ട്ടേഴ്സിന്റെ (Quarters) വാതില്‍ കുത്തിത്തുറന്ന് മോഷണം (Theft). മഞ്ചേരി സബ് കോടതി ജഡ്ജി രഞ്ജിത് കൃഷ്ണയുടെ(Ranjith Krishna) വീട്ടിലാണ് കളവ് നടന്നത്. 6000 രൂപ വിലയുള്ള വാച്ച് (Watch) നഷ്ടമായി. വീട്ടില്‍ ജഡ്ജി ഒറ്റക്കാണ് താമസിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നോര്‍ത്ത് പറവൂരിലെ സ്വന്തം വീട്ടിലേക്ക് പോയ അദ്ദേഹം ഇന്നലെ രാവിലെ പത്തോടെ മടങ്ങിയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
അലമാരകളിലെ വസ്ത്രങ്ങളും മറ്റും വാരി വലിച്ചിട്ട നിലയിലായിരുന്നു. അടുക്കളെ ഭാഗത്തെ വാതിലും തുറന്നിട്ടിരുന്നു. പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും മലപ്പുറം യൂനിറ്റിലെ ഫോറന്‍സിക്, വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി. കെ എം ബിജു, മഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ സി അലവി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തി.
സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
മലപ്പുറം: പെരിന്തൽമണ്ണ (Perinthalmanna) സബ് രജിസ്ട്രാർ ഓഫീസിൽ രാത്രിയിൽ വിജിലൻസിന്റെ (Vigilance) മിന്നൽ പരിശോധന. സബ് രജിസ്ട്രാറുടെ കയ്യിൽ നിന്ന് 28600 രൂപ പിടിച്ചെടുത്തു. പ്യൂണിൻ്റെ കൈവശമുണ്ടായിരുന്ന 2800 രൂപയും കണ്ടെടുത്തു. ഓഫീസ് സമയം കഴിഞ്ഞ് ആധാരം ഏജൻ്റുമാർ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസിന്റെ പരിശോധന. രാത്രി ഏഴിന് ശേഷമാണ് വിജിലൻസ് സംഘം സബ് രജിസ്ട്രാർ ഓഫീസിലെത്തിയത്.
ജീവനക്കാർക്ക് കൈക്കൂലി, കാലിക്കറ്റ് സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് ചേർന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജീവനക്കാർ കൈക്കൂലി വാങ്ങിയ സംഭവം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്നു. യൂണിവേഴ്സിറ്റിയിലെ വ്യാജ ചെലാൻ തട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം സിൻഡിക്കേറ്റ് യോഗം തള്ളി.യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം തള്ളിയ സിൻഡിക്കേറ്റ് യോഗം അന്വേഷണത്തിന് ഉപസമിതിയെ ചുമതലപെടുത്താൻ തീരുമാനിച്ചു. വ്യാപകമായ അഴിമതിയോ കൈക്കൂലിയോ യൂണിവേഴ്സിറ്റിയില്‍ ഉണ്ടായിട്ടില്ലെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.
ഇപ്പോള്‍ നടന്ന തട്ടിപ്പിന് സമാനമായ ചെലാൻ തട്ടിപ്പ് 2018 ലും നടന്നിരുന്നുവെന്ന് ഡോ റഷീദ് അഹ്മദ് സിൻഡിക്കേറ്റ് യോഗത്തില്‍ പറഞ്ഞു. സർവ്വകലാശാലക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ തട്ടിപ്പില്‍ മുഴുവൻ കാര്യങ്ങളും പുറത്തുകൊണ്ടുവരുന്നതിന് ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും ഡു.ഡി.എഫ് പ്രതിനിധിയായ അദ്ദേഹം ആവശ്യപെട്ടു.
പരീക്ഷാ സംവിധാനത്തിലേക്ക് കക്ഷിരാഷ്ട്രീയം കടന്നു വരുന്നുണ്ടെന്നും ഇത് അപകടകരമാണെന്നും യോഗം വിലയിരുത്തി. പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്.ഇത് കണ്ടെത്താനും സിൻഡിക്കറ്റ് ഉപസമിതിയെ നിശ്ചയിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ തകര്‍ക്കാൻ ശ്രമിക്കുന്നത് സ്വകാര്യ-കല്പിത സര്‍വകലാശാലകളെ സഹായിക്കാനാണെന്നും രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷയുടെ മൂവായിരത്തഞ്ഞൂറോളം ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടെന്നതടക്കമഉള്ള വ്യാജ പ്രചാരണങ്ങള്‍ ഇതിന്‍റെ ഭാഗമാണെന്നും സിൻഡിക്കറ്റ് അംഗങ്ങള്‍ പറഞ്ഞു.
നിലവിൽ കോഴിക്കോട്ടെയും തലശ്ശേരിയിലെയും വിദ്യാർത്ഥികളുടെ പരാതിയിൽ പരീക്ഷാഭവനിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഡോ. സുജിത്കുമാർ, അസിസ്റ്റന്റ് എം.കെ. മൻസൂർ എന്നിവർ സസ്പെൻഷനിലാണ്. ഇതിൽ മൻസൂർ കൈക്കൂലി വാങ്ങിയതിനു പുറമെ അപേക്ഷകയുടെ ചെല്ലാനിൽ തിരുത്തൽ വരുത്തിയതായും പരാതിയുണ്ട്. പണം കൈപ്പറ്റിയശേഷം സർവകലാശാലാ ഫണ്ടിൽ അടയ്ക്കാതെ വ്യാജ ചെല്ലാൻ നിർമിച്ചത് വലിയ ഗൗരവത്തോടെയാണ് യുണിവേഴ്സിറ്റി കാണുന്നത്. സുജിത്‌കുമാർ സ്വന്തം അക്കൗണ്ടിൽനിന്നാണ് അപേക്ഷകയുടെ പണമടച്ചത്. അപേക്ഷയുടെ കാര്യങ്ങൾക്കായി മറ്റു സെക്‌ഷനുകളിൽ നേരിട്ടുപോയി ഇടപെട്ടതായും കണ്ടെത്തിയിട്ടുണ്ട്.