
ഇടുക്കി: സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന പ്രതിയെ പിടികൂടി കട്ടപ്പന പൊലീസ്. മരിയാപുരം നിരവത്ത് വീട്ടിൽ മഹേഷ് എന്ന ചുഴലി മഹേഷിനെയാണ് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്റെ നേതൃത്വത്തിൽ ഉളള സംഘം തമിഴ്നാട്ടിലെ കമ്പത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 13 ന് കട്ടപ്പന സെൻറ് ജോർജ് സ്കൂളിലെ ഓഫീസ് കതക് തകർത്ത് ഓഫീസിൽ സൂക്ഷിച്ചിരുന്ന 86000 രൂപ മോഷണം പോയിരുന്നു. തുടർന്ന് അന്വേഷണം ആരംഭിച്ച ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകൾക്കകം പ്രതിയെ തമിഴ്നാട്ടിലെ കമ്പത്ത് നിന്നും പിടികൂടുകയായിരുന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് മഹേഷ്. സ്ഥിരമായി സ്കൂളുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്നിരുന്ന ഇയാൾ നിരവധി തവണ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ ചുഴലി അസുഖം വന്നത് പോലെ അഭിനയിച്ചു വീണുകിടക്കും. ഇയാളുടെ ദയനീയ സ്ഥിതി കണ്ട് നാട്ടുകാർ പിരിച്ചു നൽകുന്ന പണവുമായി കടന്നു കളയുന്ന തട്ടിപ്പ് ശീലവും പ്രതിക്കുണ്ട്. ഈ മാസം രണ്ടാം തീയതി ജയിലിൽ നിന്ന് ഇറങ്ങിയ പ്രതി ആലത്തൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും സമാനമായ രീതിയിൽ മോഷണം നടത്തിയിരുന്നു.
13 ന് കട്ടപ്പന സെൻറ് ജോർജ് സ്കൂളിൽ മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലെ കമ്പത്ത് ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞു വരവെയാണ് പ്രതിയെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. അന്വേഷണസംഘത്തിൽ കട്ടപ്പന സി ഐ വിശാൽ ജോൺസൺ, എസ് ഐ സജിമോൻ ജോസഫ് , എഎസ്ഐ സുബൈർ എസ് ,സി പി ഒ മാരായ വി കെ അനീഷ്, ടോണി ജോൺ എന്നിവർ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam