
കോഴിക്കോട്: പയ്യോളിയിൽ കൊവിഡിന്‍റെ മറവിൽ പിപിഇ കിറ്റിട്ട് കവർച്ച നടത്തിയ കേസിൽ പ്രതി പിടിയിൽ. കണ്ണൂർ മുഴക്കുന്ന് സ്വദേശി കെപി മുബഷീറാണ് പിടിയിലായത്. കണ്ണൂരിലും കോഴിക്കോട്, വയനാട് ജില്ലകളിലായി മുബഷീറിനെതിരെ 12 കേസുകളുണ്ട്. നിരവധി കടകളിൽ ഇയാൾ ഇത്തരത്തിൽ മോഷണം നടത്തിയെന്ന് പൊലീസ് അറിയിച്ചു.
സിസിടിയിൽ മോഷ്ടാവിനെ കണ്ട് വ്യാപാരികളും പൊലിസും ഒരുപോലെ ഞെട്ടി. പിപിഇ കിറ്റിന്‍റെ സുരക്ഷയിലൊരു കള്ളൻ. പയ്യോളിയിലെ ഗുഡ്‍വെ ഹോം അപ്ലയൻസസിലെ ക്യാമറയിൽ ആണ് പിപിഇ കിറ്റിട്ട കള്ളൻ പെട്ടത്.
പൂട്ട് പൊളിച്ച് അകത്ത് കടന്ന് കട്ടത് 30000 രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും. തച്ചൻകുന്നിലെ പല കടകളിൽ പിപിഇ കിറ്റിട്ട കള്ളൻ കയറിയിറങ്ങുന്നതിന്‍റെ ദൃശ്യങ്ങളും കിട്ടി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ മുഴക്കുന്ന് പറമ്പത്ത് വീട്ടിൽ മുബഷീർ കുരുങ്ങിയത്.
പുരികത്തിന്‍റെ പ്രത്യേകതയും ഒരും വശം ചരിഞ്ഞുള്ള നടത്തുവമാണ് മുബഷീറിനെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്. പയ്യോളി സിഐ എംപി ആസാദിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കൊയിലാണ്ടിയിൽ നിന്ന് പ്രതിയെ പിടിച്ചത്.
മാനന്തവാടിയിലും പയ്യന്നൂരിലും കൊയിലാണ്ടിയിലും ഈ ഇരുപത്തിയാറുകാരൻ സാമാന രീതിയിൽ മോഷണം നടത്തിയിട്ടുണ്ട്. കടകളുടെ സാഹചര്യവും മറ്റും ഏറെനാൾ നിരീക്ഷിച്ച ശേഷമാണ് മോഷണത്തിന് തെരഞ്ഞെടുക്കുക.
വിവിധയിടങ്ങളിൽ മാറിമാറി താമസിച്ചാണ് കൃത്യത്തിനെത്തുക. തിരിച്ചറിയാതിരിക്കാനാണ് പിപിഇ കിറ്റ് ധരിച്ചതെന്നാണ് മുബഷീറിന്‍റെ മൊഴി. മോഷണം നടന്ന കടകളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam