
പരദീപ്: ഒരു റഷ്യന്‍ പൗരനെ കൂടെ ഒഡിഷയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് മരണപ്പെട്ട നിലയില്‍ കണ്ടെത്തുന്ന റഷ്യന്‍ പൗരന്മാരുടെ എണ്ണം മൂന്നായി. മിയകോവ് സെര്‍ജി എന്നയാളെ ജഗത്സിംഗ്പൂർ ജില്ലയിലെ പാരദീപ് തുറമുഖത്ത് കപ്പലിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടത്. ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്ത് നിന്ന് പരദീപ് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന എം ബി അൽദ്ന എന്ന കപ്പലിലെ ചീഫ് എഞ്ചിനീയറായിരുന്നു 51 കാരനായ മിയകോവ്.
പുലർച്ചെ 4.30ഓടെയാണ് കപ്പലിലെ ചേംബറില്‍ മൃതദേഹം കണ്ടെത്തിയത്. മരണകാരണം പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതേസമയം, പാർലമെന്‍റ് അംഗം ഉൾപ്പടെ റഷ്യൻ വിനോദ സഞ്ചാരികൾ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒഡിഷ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ജനപ്രതിനിധിയും വ്യവസായിയുമായ പവേല്‍ ആന്‍റോവ്, സഹയാത്രികനായ വ്‌ളാദിമിര്‍ ബിഡ്‌നോവ് എന്നിവരെയാണ് ഒഡിഷയിലെ റായ്ഗഡിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആദിവാസികളെ കുറിച്ച് പഠിക്കാനും ആന്‍റോവിന്‍റെ പിറന്നാൾ ആഘോഷിക്കാനും കൂടിയാണ് മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ബിഡ്നോവ് ഒഡിഷയിൽ എത്തിയത്. നാലംഗ റഷ്യന്‍ സംഘം റായ്ഗഡയിലെ ഹോട്ടലില്‍ മുറിയെടുത്തു. അടുത്ത ദിവസമാണ് വ്ലാദിമിൽ ബിഡ്നോവിനെ ഹോട്ടലിന്‍റെ ഒന്നാം നിലയിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ബിഡ്നോവ് മരിച്ചിരുന്നു.
ഒഴിഞ്ഞ വീഞ്ഞ് കുപ്പികൾക്ക് നടുവിലാണ് ബിഡ്നോവിനെ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് അടുത്ത ദിവസം ആന്‍റോവിനെയും ഹോട്ടലിന് മുന്നിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടെത്തി. മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണാണ് ആന്‍റോവ് മരിച്ചതെന്നാണ് നിഗമനം. ബിഡ്‍നോവിന്‍റെ മരണത്തിന് ശേഷം ആന്‍റോവ് വിഷാദരോഗാവസ്ഥയിലായിരുന്നു എന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്‍റെ വിലയിരുത്തൽ.
അതേസമയം, പവേല്‍ ആന്‍റോവ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദിമിര്‍ പുടിന്‍റെ വിമര്‍ശകനാണെന്നും റിപ്പോർട്ടുകളുണ്ട്. യുക്രൈന് നേരേയുള്ള റഷ്യന്‍ ആക്രമണത്തില്‍ വിമർശനം ഉന്നയിക്കുകയും പിന്നീട് ഈ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു. രണ്ട് പേരുടെ മരണത്തിലും ഇതുവരെ ക്രിമിനല്‍ ബന്ധങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നായിരുന്നു ഇന്ത്യയിലെ റഷ്യന്‍ എംബസിയുടെ പ്രതികരണം. ഒഡിഷ പൊലീസ് അന്വേഷണം തുടരുകയാണ്. സംഘത്തിലെ മറ്റ് രണ്ടുപേരോടും ഒഡിഷയില്‍ തുടരാനും അന്വേഷണവുമായി സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ കൊല്ലപ്പെട്ട യുവതി അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടു: നിർണായക മൊഴി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam