ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു
ദില്ലി: ഓടുന്ന കാർ കിലോമീറ്ററുകളോളം വലിച്ചിഴച്ച് കൊണ്ടുപോയ ശേഷം മരിച്ച യുവതി അപകടത്തിന് മുൻപ് സുഹൃത്തുമായി വഴക്കിട്ടുവെന്ന് വെളിപ്പെടുത്തൽ. ഹോട്ടൽ മാനേജരുടേതാണ് മൊഴി. പുതുവത്സരാഘോഷത്തിനായി ഹോട്ടലിലെത്തിയതായിരുന്നു യുവതി. സുഹൃത്തിനൊപ്പമാണ് വന്നത്. ഹോട്ടലിൽ വെച്ച് ഇവർ വഴക്കിട്ടു. ഹോട്ടൽ അധികൃതർ ഇരുവരെയും പുറത്താക്കി. ശേഷം സ്കൂട്ടറിൽ കയറി യുവതികൾ പോവുകയായിരുന്നു. എന്നാൽ വഴിയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെട്ടു.
യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോൾ ചെറിയ പരിക്കേറ്റ രണ്ടാമത്തെ പെൺകുട്ടി സംഭവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ഇതിന് പിന്നാലെയാണ് സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. ഹോട്ടലിൽ പുതുവർഷ ആഘോഷത്തിൽ പങ്കെടുത്ത യുവാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയുമായി ഇവർ രാത്രി സംസാരിച്ചുവെന്നും പോലീസ് പറയുന്നു.
സംഭവത്തിന്റെ ദുരൂഹത വർധിക്കുകയാണ്. അതേസമയം കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം ലഫ്റ്റനന്റ് ഗവർണർക്കും ദില്ലി പൊലീസിനും എതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. സിബിഐ അന്വേഷണം വേണമെന്നും സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്ന ഗവർണർ ഇതുവരെ കുടുംബത്തെ ബന്ധപ്പെട്ടിട്ടില്ലെന്നും യുവതിയുടെ സഹോദരൻ കുറ്റപ്പെടുത്തി.
ദില്ലി പോലീസ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് റിപ്പോർട്ട് നൽകും. ഇന്നലെ സംഭവത്തിൽ അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ഷായുടെ നിർദേശ പ്രകാരം മുതിർന്ന ഉദ്യോഗസ്ഥൻ കേസന്വേഷണം ഏറ്റെടുക്കും. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇന്ന് പോലീസിന് ലഭിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് വ്യക്തമാകൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
ദില്ലി പോലീസിന്റെ വീഴ്ച ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് ആംആദ്മി പാർട്ടിയുടെ നീക്കം. സുൽത്താൻപുരി പോലീസാണ് നിലവിൽ കേസന്വേഷിക്കുന്നത്. സമഗ്രമായ അന്വേഷണ വേണമെന്ന നിലപാടിലാണ് മുതിർന്ന ഉദ്യോഗസ്ഥനെ കേസന്വേഷിക്കാൻ അമിത് ഷാ ചുമതലപ്പെടുത്തിയത്. പ്രതികളിലൊരാൾ ബിജെപി പ്രവർത്തകനാണെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. പുതുവത്സര ദിനമായിട്ടുപോലും അപകടം നടന്ന മേഖലയിൽ പോലീസ് വിന്യാസമില്ലാതിരുന്നത് സുരക്ഷാ വീഴ്ചയാണെന്നും ആപ് നേതാക്കൾ ആരോപിക്കുന്നു.
