
തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെയും ഭാര്യയുടെ അമ്മയേയും വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥൻ അലി അക്ബറിന്‍റെ 8 പേജുള്ള ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സാമ്പത്തികമായും ദാമ്പത്യജീവിതവും തകർന്നതിനാൽ ഭാര്യ മുംതാസിനെ കൊന്ന് ആത്മ ചെയ്യുന്നുവെന്നാണ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്. മുംതാസിനെ വെട്ടുന്നത് തടയുന്നതിനിടെയാണ് ഭാര്യയുടെ അമ്മ സഹീറ വെട്ടേറ്റ് മരിച്ചത്. കൊലപാതകത്തിന് ശേഷം സ്വയം തീകൊളുത്തിയ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരൻ അലി അക്ബര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്ന് പുലര്‍ച്ചെ നാലരയോടെ അരുവിക്കര അഴീക്കോട് വളപെട്ടിയിലായിരുന്നു ഇരട്ടക്കൊലപാതകം. ഭാര്യ മുംതാസിന്‍റെ അമ്മ 65 വയസുള്ള സഹീറയെയാണ് ആദ്യം അലി അക്ബര്‍ വെട്ടിയത്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ മുംതാസിനും തൊട്ടുപിന്നാലെ വെട്ടേറ്റു. മരണം ഉറപ്പാക്കാൻ മുംതാസിനെ തീയും കൊളുത്തി. വീട്ടിലുണ്ടായിരുന്ന പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ കാണുന്നത് വെട്ടേറ്റ് കൊല്ലപ്പെട്ട് കിടക്കുന്ന സഹീറയെയും തൊട്ടപ്പുറത്ത് ദേഹമാസകലം തീപൊള്ളലേറ്റ നിലയിൽ മുംതാസുമാണ്. വൈകീട്ട് അഞ്ചേ മുക്കാലിനാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മുംതാസ് മരിച്ചത്. നിലവിളിച്ച് കരഞ്ഞ മകളെ വീടിന് പുറത്തേക്ക് പോകാൻ പറഞ്ഞ ശേഷം അലി അക്ബര്‍ സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അലി അക്ബര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Also Read: ഭാര്യാമാതാവിന് പിന്നാലെ ഭര്‍ത്താവിന്‍റെ വേട്ടേറ്റ ഭാര്യയും മരിച്ചു
അലി അക്ബര്‍ പലരിൽ നിന്നായി കടം വാങ്ങിയതുമൂലം കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്നങ്ങളെ ചൊല്ലി അലി അക്ബറും മുംതാസും തമ്മിൽ വഴക്കും പതിവായിരുന്നു. ഭര്‍ത്താവിനെതിരെ മുംതാസ് പൊലീസിൽ പരാതി നൽകിയിരുന്നു. വീടിൻ്റെ മുകളിലത്തെ നിലയിലായിരുന്നു അലി അക്ബറിൻ്റെ താമസം. ഭാര്യയും അമ്മയും മക്കളും താഴത്തെ നിലയിലും. അലി അക്ബർ അടുത്തമാസം സർവ്വീസിൽ നിന്നും വിരമിക്കാനിരിക്കുകയാണ്. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam