
തിരുവനന്തപുരം: മൊബൈൽ ഫോൺ ഹാക്ക് ചെയ്തുവെന്ന സംശയത്തിൽ സഹപാഠിയെ മർദ്ദിച്ച് കൊന്ന കേസിൽ മുഖ്യപ്രതി അടക്കം മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ചിറയിൻകീഴ് സ്വദേശിയായ വിഷ്ണു എന്ന യുവാവാണ് ഇന്നലെ വൈകീട്ട് മർദ്ദനമേറ്റ് മരിച്ചത്.
ഫോണിലെ വിവരങ്ങൾ ചോർത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ മർദ്ദനത്തിലേക്കും മരണത്തിലേക്കും നയിച്ചത്. മർദ്ദനമേറ്റ് അവശനായ വിഷ്ണുവിനെ ഇന്നലെ വൈകീട്ട് പ്രതികൾ തന്നെയാണ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വിഷ്ണു മരണത്തിന് കീഴടങ്ങുകയായിരുന്നു.
വിഷ്ണുവിന്‍റെ സഹപാഠിയും സുഹൃത്തുമായ സൂര്യൻ ആണ് കേസിലെ മുഖ്യപ്രതി. സൂര്യനെയും സഹോദരൻ സംക്രാന്ത്, വിവേക് എന്നിവരെയുമാണ് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്. ആറ്റിങ്ങൽ ഐടിഐയിലെ പഠനത്തിന് ശേഷം വിഷ്ണുവും സൂര്യനും മൈസൂരുവിൽ പരിശീലനത്തിന് പോയിരുന്നു. അവിടെ വെച്ചാണ് വിഷ്ണു തന്‍റെ മൊബൈൽ ഹാക്ക് ചെയ്തതായി സൂര്യന് സംശയം തോന്നിയതെന്ന് പൊലീസ് പറഞ്ഞു. ഫോണിൽ നിന്നും കിട്ടിയ വിവരങ്ങൾ വിഷ്ണു സൂര്യന്‍റെ അമ്മയോട് പറഞ്ഞത് വൈരാഗ്യം കൂട്ടിയെന്നും പൊലീസ് വ്യക്തമാക്കി.
മൈസുരുവിൽ വെച്ച് സൂര്യൻ വിഷ്ണുവിനെ മർദ്ദിച്ചിരുന്നു. പിന്നീട് ചിറയിൻകീഴ് കൊണ്ട് വന്ന് മറ്റുള്ളവരെയും കൂട്ടി ക്രൂരമായി മർദ്ദിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിവരം. വിഷ്ണുവിന്‍റെ ബന്ധുക്കൾ ഈ സംഭവം ഒന്നുമറിഞ്ഞിരുന്നില്ല. അവശനായ വിഷ്ണുവിനെ ആശുപത്രിയിലെത്തിച്ച പ്രതികൾ മുങ്ങുകയായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam