
മലപ്പുറം: കോട്ടക്കലിൽ അതിമാരക ലഹരി വസ്തുവായ എംഡിഎംഎയുമായി മൂന്ന് പേരെ കോട്ടക്കൽ പൊലീസ് പിടികൂടി. പുറങ്ങ് കാഞ്ഞിരമുക്ക് സ്വദേശി മുസ്തഫ ആഷിഖ് (26), പെരുമ്പടപ്പ് ഐരൂർ സ്വദേശികളായ വെളിയത്ത് ഷാജഹാൻ (29), വെളിയത്ത് ഹാറൂൺ അലി (29) എന്നിവരെയാണ് മലപ്പുറം ഡിവൈഎസ്പി അബ്ദുൽ ബഷീർ, കോട്ടക്കൽ പൊലീസ് ഇൻസ്‌പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പൊലീസ്, ജില്ലാ ആന്‍റി നർക്കോട്ടിക് സ്‌പെഷ്യൽ ടീം എന്നിവരടങ്ങുന്ന പ്രത്യേക സംഘം പിടികൂടിയത്. ഇവരിൽ നിന്നും 50 ഗ്രാം ക്രിസ്റ്റൽ എൻഡിഎംഎ കണ്ടെടുത്തു. അഞ്ച് ലക്ഷത്തോളം വില വരുന്നതാണ് ഇതെന്ന് പൊലീസ് പറയുന്നു. ഒരാഴ്ചയോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന് ഒടുവിലാണ് സംഘം പിടിയിലായത്.
ലഹരി കടത്തുന്നത് കളിപ്പാട്ടങ്ങളുടെയും മറ്റും മറവിൽ
കേരളത്തിലേക്ക് അതിമാരക മയക്കുമരുന്നുകൾ കടത്തുന്നത് കളിപ്പാട്ടങ്ങളുടെയും വാഹന പാർട്‌സുകളുടെയും മറവിൽ. ബംഗളൂരുവിൽ നിന്നാണ് അതിമാരക മയക്കുമരുന്നായ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നത്. ബസ്, ട്രെയിൻ മാർഗമാണ് ഇവ ഏജന്‍റുമാർ എത്തിക്കുന്നത്. കളിപ്പാട്ടങ്ങൾക്കുള്ളിലും വാഹനങ്ങളുടെ സ്‌പെയർ പാർട്‌സുകൾക്ക് അകത്തും ഒളിപ്പിച്ച് വെച്ചാണ് ഇവ കേരളത്തിലെത്തിക്കുന്നത്. അതിമാരക ലഹരിവസ്തുക്കളായ എംഡിഎംഎ വിതരണം ചെയ്യുന്നതിനായി ബംഗളൂരുവിൽ പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി അന്വേഷണസംഘം പറയുന്നു.
കേരളത്തിൽ നിന്ന് ഇതിനായി ബംഗളൂരുവിലെത്തുന്ന സംഘം രഹസ്യ കേന്ദ്രങ്ങളിൽ നിന്നാണ് ലഹരി വസ്തുക്കൾ കൈമാറുന്നത്. ഇവ പിന്നീട് ചെറിയ പാക്കറ്റുകളിലാക്കി ചെറുകിടക്കാർക്കിടയിൽ വിതരണം ചെയ്യുകയാണ് പതിവ്. 10 ഗ്രാം അടങ്ങുന്ന ചെറിയ പാക്കറ്റുകളിലാണ് ഇവ ചെറുകിടക്കാർക്ക് നൽകുന്നത്. ഇതിന് പതിനായിരം രൂപയാണ് ഏജന്‍റ് ഈടാക്കുക. മൊത്ത വിതരണക്കാരിൽ നിന്നും സംഘടിപ്പിക്കുന്ന ലഹരി ഏജന്‍റുമാർ മുഖേന കേരളത്തിൽ എത്തിക്കുന്നതിന് പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നതായി പൊലീസ് വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മാസം കോട്ടക്കലിൽ നിന്നും പാഴ്‌സലായി എത്തിയ ലഹരിയുമായി ഒരാൾ അറസ്റ്റിലായിരുന്നു. ഒരു തവണ ഉപയോഗിച്ചാൽ പോലും ആസക്തിയുയര്‍ത്തുന്ന ഇത്തരം ലഹരി വസ്തുക്കള്‍ യുവാക്കളെ ലക്ഷ്യം വച്ചാണ് വിതരണം ചെയ്യുന്നത്. ആറ് മാസത്തോളം തുടർച്ചയായി ഉപയോഗിച്ചാൽ മാനസികനില വരെ തകരാറിലാകുമെന്നും പഠനങ്ങൾ പറയുന്നു. ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി എസ് സുജിത്ത് ദാസ് അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്: Hijab Ban: ഹിജാബ് കേസിൽ ഭിന്നവിധി; വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി, കർണാടക ഹൈക്കോടതി വിധി തള്ളി ജ. ധൂലിയ