
നവജാതശിശുവിനെ അനുഗ്രഹിച്ചതിന് രക്ഷിതാക്കള്‍ ദക്ഷിണ നല്‍കാത്തതില്‍ പ്രകോപിതരായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. ദക്ഷിണ മുംബൈയിലെ അംബേദ്കര്‍ നഗറിലാണ് സംഭവം. ട്രാന്‍സ് ജെന്‍ഡര്‍ യുവതിയും സുഹൃത്തും ചേര്‍ന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. രക്ഷിതാക്കളുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് മടങ്ങിയ ഇവര്‍ തിരികെ വന്ന സച്ചിന്‍ ചിറ്റോളെ എന്നയാളുടെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു.
കുഞ്ഞിനെ എടുത്തുകൊണ്ട് പോയത് രക്ഷിതാക്കളും വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരും കണ്ടില്ല. കഫേ പരേഡിന് സമീപമുള്ള വെള്ളക്കുഴിയില്‍ ഇവര്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഇടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിനെ കണ്ട് അനുഗ്രഹിക്കുന്നതിനായി 30 വയസ് പ്രായമുള്ള കന്നു വീട്ടിലെത്തിയത്. അനുഗ്രഹിച്ചതിന് പകരമായി ഹിന്ദു ആചാരപ്രകാരം 1100 രൂപയും സാരിയും ഒരു തേങ്ങയും നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ലോക്ഡൌണ്‍ ആയതിനാല്‍ ജോലിയില്ലെന്നും കയ്യില്‍ പണമില്ലെന്നും സച്ചിന്‍ കന്നുവിനോട് പറഞ്ഞു. എന്നാല്‍ സാരിയും തേങ്ങയും നല്‍കാമെന്നും സച്ചിന്‍ പറഞ്ഞു ഇതോടെ ഇവര്‍ പ്രകോപിതരാവുകയായിരുന്നു. വീട്ടുകാരുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട ശേഷം കന്നു മടങ്ങുകയായിരുന്നു.
സച്ചിന്‍റെ വീടിന് സമീപം തന്നെ താമസിക്കുന്ന കന്നു സുഹൃത്തായ സോനു കേലുവിനോട് സംഭവത്തേക്കുറിച്ച് വിവരിച്ചിരുന്നു. നേരിട്ട അപമാനത്തിന് പ്രതികാരം ചെയ്യാന്‍ കന്നുവിനൊപ്പം സോനുവും ചേരുകയായിരുന്നു. വെള്ളിയാഴ്ച വെളുപ്പിനെ രണ്ട് മണിയോടെ സച്ചിന്‍റെ വീട്ടിലെത്തി അകത്ത് കടന്ന് ഇവര്‍ കുഞ്ഞുമായി കടന്നുകളയുകയായിരുന്നു. ശനിയാഴ്ച കുഞ്ഞിനെ കാണാതെ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
കന്നുവുമായി നടന്ന വാക്കുതര്‍ക്കത്തേക്കുറിച്ചും സച്ചിന്‍ പൊലീസിനോട് വിശദമാക്കി. ഇതിന് പിന്നാലെ പൊലീസ് കന്നുവിനെ ചോദ്യം ചെയ്യുകയായിരുന്നു. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനും തെളിവ് നശിപ്പിക്കുന്നതിനും പൊലീസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam