ഐഎസ് തീവ്രവാദ കേസിൽ മൂന്ന് മലയാളികളെ കൂടി പ്രതിചേർത്തു

By Web TeamFirst Published May 6, 2019, 10:36 AM IST
Highlights

മുഹമ്മദ് ഫൈസൽ, അബുബക്കർ സിദ്ദീഖ്, അഹമ്മദ് അറാഫാസ് എന്നിവരെ കൊച്ചി എൻഐഎ യൂണിറ്റാണ് പ്രതിചേർത്തത്. ഐഎസിനെ രാജ്യത്ത് ശക്തമാക്കാൻ പ്രതികൾ പ്രവർത്തിച്ചെന്ന് എൻഐഎ റിപ്പോർട്ട്

കൊച്ചി: ഐഎസ് തീവ്രവാദ സംഘടനയ്ക്കായി കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടെന്ന കേസിൽ മൂന്നുപേരെ കൂടി എൻഐഎ പ്രതിചേർത്തു. കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരാളും കാസർകോട്ടുകാരായ രണ്ടുപേരുമാണ് പ്രതികളായത്. അതേസമയം കഴിഞ്ഞയാഴ്ച അറസ്റ്റിലായ റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാൻ തീരുമാനിച്ചിരുന്നതായി എൻഐഎ അന്വേഷണസംഘം കോടതിയെ അറിയിച്ചു.

എൻഐഎ അറസ്റ്റ് ചെയ്‌ത പാലക്കാട്ടുകാരൻ റിയാസ് അബൂബക്കറുമായുള്ള അടുപ്പത്തിന്റെ പേരിലാണ് മൂന്നുപേർ കൂടി പ്രതികളായത്. ഐഎസിൽ ചേർന്ന ശേഷം അഫ്‌ഗാനിസ്ഥാനിൽ കഴിയുന്ന കാസർകോടുകരൻ റാഷിദ് അബ്‌ദുല്ലയുമായി പ്രേരണ പ്രകാരം കേരളത്തിൽ ചാവേർ ആക്രമണം നടത്താൻ റിയാസ് നടത്തിയ ആലോചനകളിലെല്ലാം ഇവരും പങ്കാളികൾ ആയിരുന്നു. എന്നാൽ പിന്നീട് പദ്ധതിയോട് സഹകരിക്കാതെ വിട്ടുമാറി എന്നാണ് ഇവരുടെ മൊഴി. 

പൂർണമായി മുഖവിലക്ക് എടുത്തിട്ടില്ലെങ്കിലും ഇത് പരിഗണിച്ചാണ് തൽക്കാലം ഇവരുടെ അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടതിന് അറസ്റ്റിലായ റിയാസ് അബൂബക്കർ സ്വയം ചാവേർ ആകാനും തീരുമാനിച്ചിരുന്നതായി എൻഐഎ കോടതിയെ അറിയിച്ചു. അതിനായി ആളുകളെ ഒപ്പംചേർത്ത് ഗൂഡാലോചനകൾ നടത്തി. ഈ ബന്ധങ്ങളെക്കുറിച്ചും പദ്ധതികളെക്കുറിച്ചും കൂടുതൽ അന്വേഷണം നടത്താനും റിയാസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണം എന്നാണ് അന്വേഷണ സംഘം കോടതിയെ ബോധിപ്പിച്ചത്. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം ശ്രീലങ്കയിലെ സ്ഫോടണങ്ങളുമായി ബന്ധപ്പെട്ടവർ കേരളത്തിൽ എത്തിയെന്ന ശ്രീലങ്കൻ സേനയുടെ വെളിപ്പെടുത്തലിനെ കുറിച്ച് ഔദ്യോഗികമായി വിവരങ്ങളൊന്നും എൻഐയ്ക്ക് ലഭിച്ചിട്ടില്ല. എന്നാൽ ഇക്കാര്യങ്ങൾ പരിശോധിക്കുകയാണ് എന്നാണ് വിശദീകരണം. 

click me!