
മാന്നാർ: കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന നാടൻപാട്ടിനിടെയുണ്ടായ സംഘർഷത്തിനിടെ എസ് ഐയുടെ തലയ്ക്ക് അടിയേറ്റ സംഭവത്തിൽ പ്രതികളായ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ജയേഷ് (24), കരിപ്പുറത്ത് വീട്ടിൽ രോഹിത് ചന്ദ്രൻ (24), വിഷവർശ്ശേരിക്കര ആതിര ഭവനത്തിൽ അരുൺ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സ്റ്റേഷനിലെ എസ് ഐ പി ടി ബിജുക്കുട്ടനാണ് തലയ്ക്ക് അടിയേറ്റത്. പരിക്കേറ്റ എസ് ഐ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തു മണിയോടടുത്താണ് സംഘർഷം ഉണ്ടായത്. സ്റ്റേജിൽ നാട്ടുപാട്ട് നടക്കുമ്പോൾ സദസ്സിൽ ഉണ്ടായിരുന്ന ഇരു വിഭാഗം ആളുകൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഈ സമയം ഇവിടെ ഉണ്ടായിരുന്ന ഇൻസ്പെക്ടർ ജോസ് മാത്യു രണ്ടു കൂട്ടരേയും പിടിച്ചു മാറ്റുന്നതിനിടയിൽ പ്രതികൾ ഒരാൾ ഇൻസ്പെക്ടറുടെ ഷർട്ടിൽ ബലമായി പിടിച്ച് യൂണിഫോം വലിച്ചു കീറി. അപ്പോഴേക്കും എസ് ഐ ബിജുക്കുട്ടനും മറ്റു പോലീസുകാരും സ്ഥലത്തെത്തിയതോടെ തർക്കം പോലിസിനോടായി. ഇതിനിടയിലാണ് ബിജുക്കുട്ടന് തലയ്ക്ക് അടിയേറ്റത്. തുടർന്ന് പൊലീസ് ജയേഷിനെയും രോഹിത്തിനെയും കസ്റ്റഡിയിലെടുത്തു. അരുണിനെ പിന്നീട് വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളെ റിമാൻഡു ചെയ്തു.
പ്രതികളെ വിട്ടു കിട്ടാൻ ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റ് സുനിൽ ശ്രദ്ധേയം, മാവേലിബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സി പി എം നേതാവുമായ ബി കെ പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ 25 ഓളം പേർ രാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി. കസ്റ്റഡിയിലെടുത്ത വരെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസുമായി തർക്കിക്കുകയും ചെയ്തു. ഇതോടെ ചെങ്ങന്നൂർ ഡി വൈ എസ് പി സ്ഥലത്തെത്തി. പൊലീസ് ഇവരെ വിടാൻ തയ്യാറാകാഞ്ഞതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം കഴിഞ്ഞ് വന്നവർ തിരിച്ചു പോയി. പൊലീസ് സ്റ്റേഷനിൽ രാത്രിയിൽ എത്തി ബഹളം ഉണ്ടാക്കിയതിന് ഈ നേതാക്കൾ അടക്കം 40 ഓളം പേരെ പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.