
തൃശൂർ: കൊടുങ്ങല്ലൂരില്‍ ഭര്‍ത്താവിന്‍റെ നിര്‍ദ്ദേശപ്രകാരം ഭാര്യയുടെയും സുഹൃത്തിന്‍റെയും കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വെച്ച് പൊലീസ് കേസിൽപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആനപ്പുഴ ബാസ്റ്റിന്‍തുരുത്ത് സ്വദേശി കിരൺ (34) നെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 18 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയെ ഇന്ന് രാവിലെയാണ് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ ആർ ബൈജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ
ഗൾഫിലുള്ള ഭർത്താവാണ് ഭാര്യയെയും സുഹൃത്തിനെയും കുടുക്കാനായി കാറിൽ എം ഡി എം എ വയ്ക്കാനുള്ള ക്വട്ടേഷൻ കിരണിന് നൽകിയത്. ഭർത്താവ് ശ്രീകുമാറിന്‍റെ നിർദേശ പ്രകാരം യുവതിയും സുഹൃത്തും സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ എം ഡി എം എ വക്കുകയായിരുന്നു പ്രതി. എം ഡി എം എ പാക്കറ്റ് കാറിൽ വച്ച ശേഷം കാറിന്‍റെ ചിത്രങ്ങൾ ഗൾഫിലുള്ള ശ്രീകുമാറിന് കിരൺ അയച്ചു കൊടുക്കുകയും ചെയ്തു. ശേഷം ശ്രീകുമാർ തന്‍റെ സുഹൃത്ത് വഴി കൊടുങ്ങല്ലൂർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വമ്പൻ വഴിത്തിരിവ് കണ്ടെത്തിയത്. മയക്കുമരുന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് തെളിയുകയായിരുന്നു. ഭാര്യയുടെയും സുഹൃത്തിന്‍റെയും കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചു വയ്ക്കാനായി ഭർത്താവാണ് നിർദ്ദേശം നൽകിയതെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പ്രതിയെ പിടികൂടിയത്. ക്വട്ടേഷൻ നൽകിയ ഗൾഫിലുള്ള ഭർത്താവിനെതിരെയും നടപടിയുണ്ടാകും.
അതേസമയം ആലപ്പുഴയിൽ നിന്നും പുറത്തുവരുന്ന മറ്റൊരു വാർത്ത മാവേലിക്കര സ്വദേശിയായ അധ്യാപികയുടെ പക്കല്‍ നിന്നും 1,34,986 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്ത ബീഹാര്‍ സ്വദേശികള്‍ പിടിയിലായി എന്നതാണ്. സൂരജ് കുമാർ (23), അമൻ കുമാർ (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. അധ്യാപികയുടെ മൊബൈൽ ഫോണിലേക്ക് എസ് ബി ഐ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരിക്കുന്നതായി എസ് എം എസ് വന്നിരുന്നു. കൂടാതെ പിന്‍ കാര്‍ഡ് ബന്ധിപ്പിക്കുവാൻ നിർദ്ദേശിച്ച് ഒരു ലിങ്ക് അയച്ചു കൊടുക്കുകയും ചെയ്തു. ലിങ്കിൽ ക്ലിക്ക് ചെയ്ത് അൽപ്പ സമയത്തിനകം അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. പിന്നീട് അധ്യാപികയുടെ പരാതിയിൽ മാവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതോടെയാണ് പ്രതികൾ വലയിലായത്.