ലോറിയിൽ നിന്ന് 96 ലക്ഷം രൂപ കവർന്നു; കുറ്റവാളി 'ഇൻസ്‌പെക്ടർ രാജ്കുമാർ' പിടിയില്‍

By Web TeamFirst Published Jun 26, 2021, 12:28 AM IST
Highlights

കോയന്പത്തൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ പണമാണ് കവർന്നത്. മാർച്ച് 22 ന് കുട്ടനെല്ലൂരിൽ വച്ചായിരുന്നു സംഭവം. 

ഒല്ലൂര്‍: തൃശ്ശൂരിൽ പൊലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽ നിന്ന് 96 ലക്ഷം രൂപ കവർന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. ഇൻസ്‌പെക്ടർ രാജ്കുമാർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കിളിമാനൂർ സ്വദേശി രാജ്കുമാർ ആണ് പിടിയിൽ ആയത്. കൊല്ലത്തെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാൾ പിടിയിൽ ആയത്.

കോയന്പത്തൂരിൽ നിന്നും മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിലെ പണമാണ് കവർന്നത്. മാർച്ച് 22 ന് കുട്ടനെല്ലൂരിൽ വച്ചായിരുന്നു സംഭവം. ലോറിയിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യണമെന്നും പറഞ്ഞ് ലോറി ഡ്രൈവറേയും സഹായിയേയും ഇന്നോവ കാറിൽ പിടിച്ചു കയറ്റിക്കൊണ്ട് പോവുകയായിരുന്നു. 

പിന്നീട് ഇവരെ വഴിയിൽ ഉപേക്ഷിച്ചു. തിരിച്ചെത്തി ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടൻ പൊലീസിനെ സമീപിക്കുകയായിരുന്നു. മൂവാറ്റുപുഴയിലെ പച്ചക്കറി കടയിൽ ജോലി ചെയ്യുന്ന പ്രദീപിന് കോയന്പത്തൂരിൽ നിന്നും ചില ദിവസങ്ങളിൽ പണം ലോറിയിൽ എത്താറുണ്ടെന്ന് അറിയാമായിരുന്നു. ഇയാൾക്ക് കിട്ടിയ വിവരമനുസരിച്ചാണ് പണം തട്ടാൻ പദ്ധതിയിട്ടത്. 

വരുന്നത് കള്ളപ്പണമാണെങ്കിൽ കേസ് ഉണ്ടാവില്ലെന്നും ഇവർ കണക്കുകൂട്ടി. എന്നാൽ വാഹന ഉടമ പരാതിപ്പെട്ടതോടെ വിവരം പുറത്തറിയുകയായിരുന്നു. സ്വര്‍ണ്ണം വിറ്റ പണമാണെന്നാണ് വാഹന ഉടമ പൊലീസിനോട് പറഞ്ഞത്. 

click me!