ബസ് കിട്ടിയില്ല, കെഎസ്ആർടിസി മോഷ്ടിച്ച് യാത്ര ചെയ്ത 'ടിപ്പർ അനി' പിടിയിൽ

Published : Feb 26, 2021, 12:02 AM IST
ബസ് കിട്ടിയില്ല, കെഎസ്ആർടിസി മോഷ്ടിച്ച് യാത്ര ചെയ്ത 'ടിപ്പർ അനി' പിടിയിൽ

Synopsis

കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെ പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. 

പാലക്കാട്: കൊട്ടാരക്കരയിൽ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ടിപ്പർ അനി എന്ന നിതിനെ പാലക്കാട് നിന്നാണ് പൊലീസ് പിടികൂടിയത്. രാത്രിയാത്രയ്ക്ക് വണ്ടി കിട്ടാഞ്ഞതിനാൽ ബസ് എടുക്കുകയായിരുന്നെന്നാണ് പ്രതിയുടെ മൊഴി.എന്നാൽ സ്ഥിരം വാഹന മോഷ്ടാവാണ് അനിയെന്ന് പൊലീസ് പറഞ്ഞു.

ഈ മാസം എട്ടിനാണ് കൊട്ടാരക്കര ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി ബസ് മോഷണം പോയത്. ഏറെ നേരത്തെ തിരച്ചിലിനു ശേഷം 27 കിലോമീറ്റർ അകലെ പാരിപ്പള്ളിയിലെ റോഡരികിൽ ബസ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കിട്ടിയെങ്കിലും മോഷ്ടാവാരെന്ന് കണ്ടെത്താനായിരുന്നില്ല. 

മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ശ്രീകാര്യം സ്വദേശി അനിയെ കുറിച്ച് സൂചന കിട്ടിയത്. മോഷണശേഷം പാരിപ്പള്ളിയിലുള്ള സുഹൃത്തിനെ സന്ദർശിച്ച് പൊലീസ് പിന്തുടരുന്നു എന്ന് മനസിലാക്കിയ പ്രതി പാലക്കാട്ടേക്ക് ഒളിവിൽ പോവുകയായിരുന്നു. പ്രതിക്ക് മുൻപും നെയ്യാറ്റിൻകര, മം​ഗലപുരം, ശ്രീകാര്യം, വട്ടിയൂർകാവ്, കൊല്ലം ഈസ്റ്റ്, ശക്തികുളങ്ങര, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നീ സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്.

കൊട്ടാക്കരയിൽ നിന്നും ബസ് മോഷ്ടിച്ചെടുത്ത ശേഷം കടപ്പാക്കട വഴി ആശ്രാമം മൈതാനത്ത്ചെന്ന ശേഷം എൻഎച്ച് വഴി പാരിപ്പള്ളിയിൽ എത്തുകയായിരുന്നു. രാത്രി രണ്ടരയ്ക്ക് പാരിപ്പള്ളിയിലെത്തിയ ശേഷം പാരിപ്പള്ളി ജങ്ഷനിലെ കടത്തിണ്ണയിൽ കിടന്നുറങ്ങി. പിന്നീട് രാവിലെ അഞ്ച് മണിയോടെ ലോറി ഡ്രൈവറായ സുഹൃത്തിനെ സന്ദർശിച്ച ശേഷമാണ് പാലക്കാട്ടേക്ക് ഒളിവിൽ പോയത്.

രാത്രി കൊട്ടാരക്കരയിൽ നിന്ന് യാത്ര ചെയ്യാൻ ബസ് കിട്ടിയില്ലെന്നും അതിനാൽ നിർത്തിയിട്ട ബസ് എടുത്തു കൊണ്ടുപോവുകയായിരുന്നെന്നുമാണ് അനി പൊലീസിനോട് പറഞ്ഞത്. എന്നാൽ സമാനമായ ഒട്ടേറെ വാഹന മോഷണ കേസുകളിൽ അനി പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 

കൂത്താട്ടുകുളം പ്രൈവറ്റ് സ്റ്റാന്റിൽ നിന്നും മോഷ്ടിച്ചെടുത്ത ബസുമായി കൊല്ലത്തെത്തി ട്രാഫിക്ക് ബ്ലോക്കിൽപെട്ട് വാഹനം റോഡിൽ ഉപേക്ഷിച്ച് കടന്ന സംഭവം ഉണ്ടായിട്ടുണ്ട്. അനിക്ക് കഞ്ചാവ് കച്ചവടവും ഉണ്ടെന്ന് പൊലീസ് പറയുന്നുസംഭവം നടന്ന് 16 ദിവസം പിന്നിടുമ്പോഴാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 

പാലക്കാട് നിന്ന് കൊല്ലം റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പാലക്കാട് ഒരു സർവീസ് സ്റ്റേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു അനി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ
'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം