പൊലീസ് വളഞ്ഞു: ടിക് ടോക് 'വില്ലൻ' സ്വയം വെടിവച്ച് മരിച്ചു

By Web TeamFirst Published Oct 6, 2019, 9:38 AM IST
Highlights
  • ജോണി ദാദ എന്ന പേരിൽ ടിക്‌ടോകിൽ അറിയപ്പെടുന്ന അശ്വിനി കുമാർ പലപ്പോഴും ഭീഷണി പോസ്റ്റുകൾ ഇട്ടിരുന്നു
  • ഡിസംബർ രണ്ടിന് വിവാഹം നടക്കേണ്ട യുവതിയെയും ബിജെപി നേതാവിന്റെ മകനെയും ബന്ധുവിനെയുമാണ് കൊലപ്പെടുത്തിയത്

ബിജ്‌നോർ: കൊലയാളിക്കായി ബസ് തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ, 30കാരൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത് പൊലീസിനെയും നാട്ടുകാരെയും ഞെട്ടിച്ചു. മധ്യപ്രദേശിലെ ബിജ്‌നോറിലാണ് സംഭവം നടന്നത്. മരിച്ച, ജോണി ദാദ എന്നറിയപ്പെടുന്ന അശ്വിനി കുമാർ, ടിക്‌ടോകിൽ 'വില്ലൻ' എന്ന പേരിൽ നിരവധി വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. മരണസമയത്ത് ഇയാളുടെ പക്കലുണ്ടായിരുന്ന 14 പേജുള്ള നോട്ടിൽ മൂന്ന് കൊലപാതകങ്ങളുടെ സമ്പൂർണ്ണ വിവരണമാണ് ഉണ്ടായിരുന്നത്. മൂന്നും ഇയാൾ ചെയ്തതായിരുന്നു.

മുൻപ് യാതൊരു ക്രിമിനൽ റെക്കോർഡും ഇല്ലാതിരുന്ന അശ്വിനി കുമാർ ബിജ്‌നോറിനെ വിറപ്പിച്ച കൊലയാളിയാണെന്ന് അറിഞ്ഞത് ഇയാളുടെ മരണശേഷമായിരുന്നു. "ഞാൻ എല്ലാം നശിപ്പിക്കും", "എന്റെ സംഹാരം കാണൂ" എന്നെല്ലാം ഇയാൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പലപ്പോഴായി കുറിച്ചിരുന്നു. എന്നാൽ ആർക്കും ഇയാളൊരു ശല്യക്കാരനാണെന്ന തോന്നലുണ്ടായിരുന്നില്ല.

ബിജ്‌നോറിലെ ബിജെപി നേതാവ് ഭീം സിംഗിന്റെ മകൻ രാഹുൽ കുമാറിനെയും ബന്ധുവായ കൃഷ്ണയെയും തന്റെ താമസ സ്ഥലത്തേക്ക് ക്ഷണിച്ച അശ്വിനി സെപ്‌തംബർ 26 ന് ഇരുവരെയും വെടിവച്ച് കൊലപ്പെടുത്തി. മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് ഇരുവരെയും അശ്വിനി വെടിവച്ച് കൊലപ്പെടുത്തിയത്.

സിഐഎസ്എഫിൽ ചെന്നൈയിൽ സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നാളെ വിവാഹം കഴിക്കാനിരുന്ന നിതിക ശർമ്മയെന്ന 27കാരിയെ ഇയാൾ കൊന്നത് സെപ്തംബർ 30നായിരുന്നു. വീടിനകത്ത് അതിക്രമിച്ച് കയറിയ ശേഷമാണ് ഇയാൾ നിതികയെ വെടിവച്ച് കൊലപ്പെടുത്തിയത്. ദുബൈയിലെ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന നിതിക, വിവാഹത്തിന് വേണ്ടി തന്റെ നാട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ഡിസംബർ രണ്ടിനാണ് നിതികയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

ദിവസങ്ങൾക്കിടെ നടന്ന മൂന്ന് കൊലപാതകങ്ങൾ ബിജ്‌നോർ നഗരത്തെ വിറപ്പിച്ചു. പൊലീസ് പ്രതിയെ പിടികൂടാൻ ഡ്രോണുകൾ വരെ ഉപയോഗിച്ച് തെരച്ചിൽ നടത്തി. പൊലീസ് തന്റെ പിന്നാലെയുണ്ടെന്ന് മനസിലാക്കിയ പ്രതി ഉടനെ തന്നെ താമസ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ തീരുമാനിച്ചു. രാത്രി 1.15 ന് ബസ് മാർഗം ബിജ്‌നോറിന് പുറത്തുകടക്കാനായിരുന്നു ശ്രമം.

പൊലീസ് ഈ ബസ് വഴിയിൽ തടഞ്ഞുനിർത്തി തെരച്ചിൽ നടത്തി. ഈ സമയത്ത് തൂവാല കൊണ്ട് മുഖം മറച്ചിരിക്കുകയായിരുന്നു അശ്വിനി. പൊലീസ് ഇയാളോട് തൂവാല മാറ്റാൻ ആവശ്യപ്പെട്ട സമയത്ത് കൈയ്യിലുണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് അശ്വിനി തന്റെ തലയ്ക്ക് വെടിയുതിർത്തു. പൊലീസും ബസിലുണ്ടായിരുന്നവരും സ്‌തംബ്‌ധരായി നിൽക്കെ, സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിച്ചു.

ലഹരിക്ക് അടിമയായ അശ്വിനി ബിരുദധാരിയായിരുന്നു. ധംപൂറിലെ കരിമ്പ് സഹകരണ സൊസൈറ്റിയിലെ ക്ലർക്കായിരുന്നു ഇദ്ദേഹത്തിന്റെ പിതാവ്. ദില്ലിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അശ്വിനി ഈ ജോലി രാജിവച്ചിരുന്നു. ലഹരിയുടെ അമിതമായ ഉപയോഗം അശ്വിനിയുടെ മാനസിക ആരോഗ്യത്തെ ബാധിച്ചിരിക്കാമെന്നാണ് കുടുംബാംഗങ്ങൾ കരുതുന്നത്.

click me!