
തിരുവനന്തപുരം: രണ്ടു കോടി രൂപയുടെ ട്രഷറി തട്ടിപ്പ് നടത്തിയ ബിജുലാൽ സ്ഥിരമായി ഓൺലൈൻ ചൂതാട്ടം നടത്താറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കളക്ടറുടെ അക്കൗണ്ടിലേക്ക് പണം തിരിച്ചെത്തയിതിനാൽ എവിടെ നിന്നാണ് പണം പോയത് എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
ഇതിനിടെ സ്ഥിരം തകരാറുള്ള ട്രഷറി സോഫ്റ്റ് വെയറിന് ഐഎസ്ഒ അംഗീകാരം ലഭിക്കാന്‍ ഒന്നരവർഷം മുൻപ് ഒന്നരകോടി മുടക്കി കൺസൾട്ടന്‍റ് കമ്പനിയെ നിയോഗിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. വഞ്ചിയൂർ സബ് ട്രഷറിയിലെ സീനിയർ അക്കൗണ്ടന്‍റായിരുന്ന ബിജുലാൽ കളക്ടറുടെ അക്കൗണ്ടിൽ നിന്ന് ആദ്യം രണ്ടുകോടി മാറ്റി.
ഭാര്യയുടെയും ബന്ധുവിൻറെയും അക്കൗണ്ടിലേക്ക് പണം മാറ്റിയശേഷം വിത് ഡ്രോവൽ നടപടി സോഫ്റ്റ് വെയർ വഴി തന്നെ പിൻവലിച്ചു. അതാണ് പണം നഷ്ടമായിട്ടില്ലെന്ന് കളക്ടർ വിശദീകരിച്ചത്. അങ്ങനെയെങ്കിൽ ട്രഷറിയിലുള്ള സർക്കാരിന്‍റെ മറ്റേതെങ്കിലും അക്കൗണ്ടിൽ നിന്നാകും പണം പോയത്. ഏത് അക്കൗണ്ടിൽ നിന്നാണെന്ന് ട്രഷറി ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ രീതിയിൽ പലരും വൻതുക തട്ടിയെടുക്കാനും സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ഇതിനിടെ ബിജുലാൽ ഓൺലൈൻ ചൂതാട്ടത്തിന് വൻതുക മുടക്കാറുണ്ടെന്ന് പൊലീസിന് കണ്ടെത്തി. വ്യാപകമായി കടം വാങ്ങാറുണ്ടെന്നാണ് സഹപ്രവർത്തകർ നൽകിയ മൊഴി. ചൂതാട്ടത്തിനും കടം വീട്ടാനുമായിരിക്കാം തട്ടിപ്പെന്നാണ് പൊലീസിന്റ് നിഗമനം.
വ്യാപക പരാതികൾ ഉയർന്ന സോഫ്റ്റ്‍വെയറിന് ഐഎസ്ഐ 27001 സർട്ടിഫിക്കറ്റ് കിട്ടാനും ഖജനാവിൽ നിന്ന് പണം മുടക്കി. ഏണസ്റ്റ് ആൻറ് യംഗ് എന്ന കൺസൽട്ടന്‍റിനെ കഴിഞ്ഞ വർഷം ജനുവരിയിലാണ് നിയോഗിച്ചത്. പക്ഷേ പണം കൊടുത്ത് ഒന്നരവർഷമായിട്ടും സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാനുള്ള മാന്വൽ പോലും ജീവനക്കാർക്ക് കിട്ടിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam