
തൃശൂർ: ചെന്ത്രാപ്പിന്നിയിൽ അടച്ചിട്ട വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. കുപ്രസിദ്ധ മോഷ്ടാവ് സുനാമി ജയ്സണും സുഹൃത്ത് രമേശ് കുമാറുമാണ് പിടിയിലായത്. ഇക്കഴിഞ്ഞ മാർച്ച് മാസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്ത് അടച്ചിട്ട മൂന്നു വീടുകളിൽ രാത്രി മോഷണം നടന്നിരുന്നു. രണ്ടു വീടുകളിൽ നിന്നും വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിരുന്നില്ല.
എന്നാൽ കൊല്ലാറ ശിവരാമന്‍റെ വീട്ടിലെ സ്റ്റീൽ അലമാര തകർത്ത് നാലരപവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞവർഷം വിദേശമദ്യ വിൽപ്പന കേസിൽ രമേഷ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. അങ്ങനെയാണ് അന്ന് ചാലക്കുടിയിലെ കളവുകേസിൽ ശിക്ഷിക്കപ്പെട്ട് കിടന്നിരുന്ന ജെയ്സനുമായി ചങ്ങാത്തത്തിലാകുന്നത്.
ജയിലിൽ നിന്നും ഇറങ്ങിയ ശേഷം ജെയ്സൺ നൽകിയ മോഷണ മുതലുകൾ വിറ്റിരുന്നത് രമേഷാണ്. പണം ഇവർ പങ്കിട്ടെടുക്കുകയായിരുന്നു. പതിനേഴു വയസ്സു മുതൽ മോഷണങ്ങൾ തുടങ്ങിയ ജെയ്സണ്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കളവുകേസുകളുണ്ട്. എത്ര ഉറപ്പുള്ള വാതിലുകളും ശബ്ദമില്ലാതെ കുത്തിതുറക്കാൻ വിദഗ്ദനമാണ് ഇയാൾ. ചെന്ത്രാപ്പിന്നിയിൽ മോഷണം നടുത്തുന്നതിനിടെ ജെയ്സന്‍റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ജയ്സൺ കുടുങ്ങുന്നത്.
ഗൾഫിലായിരുന്ന രമേഷ് കുമാർ നാട്ടിൽ കാറ്ററിംങ്ങ് ജോലി നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി തൃപ്രയാറിൽ നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. മോഷണമുതലുകൾ കണ്ടെടുത്തിട്ടുണ്ട്. ഇരുവരേയും കോടതി റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam