
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ട്യൂഷന്‍ ടീച്ചറുടെ കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു. മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് കൈമാറിയ കത്തില്‍ 'അല്ലാഹു അക്ബര്‍' എന്ന് എഴുതിയിരുന്നു. 30 ലക്ഷം രൂപയാണ് മോചനദ്രവ്യമായി പ്രതികള്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തിന് ശേഷമാണ് പ്രതി ഈ കത്ത് കുട്ടിയുടെ വീട്ടില്‍ കൊണ്ടുപോയി ഇട്ടത്. അതുകൊണ്ടുതന്നെ പ്രതികള്‍ പണത്തിനായി തന്നെയാണോ കുട്ടിയെ കൊലപ്പെടുത്തിയത് എന്ന കാര്യത്തില്‍ പൊലീസിന് സംശയമുണ്ട്.
സൂറത്ത് സ്വദേശിയായ ടെക്സ്റ്റൈല്‍ വ്യവസായിയുടെ 16 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ ട്യൂഷന്‍ ടീച്ചര്‍ രചിത, രചിതയുടെ കാമുകന്‍ പ്രഭാത് ശുക്ല, ഇയാളുടെ സുഹൃത്ത് ആര്യന്‍ എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച സ്വരൂപ് നഗറിലെ ട്യൂഷന്‍ സെന്‍ററിലേക്ക് പോകവേ കുട്ടിയെ പ്രഭാത് ശുക്ലയും ആര്യനും പിന്തുടര്‍ന്നു. ടീച്ചറുടെയടുത്ത് എത്തിക്കാമെന്ന് പറഞ്ഞ് ഒറ്റപ്പെട്ട പ്രദേശത്തെ സ്റ്റോര്‍ റൂമിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കാപ്പിയില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിക്കിടത്തി. തുടര്‍ന്ന് കഴുത്തില്‍ കുരുക്കിട്ടാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്.
തിങ്കഴാഴ്ച വൈകുന്നേരം 4.30നും 5.15നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് കാണ്‍പൂര്‍ ഐജി ആനന്ദ് പ്രകാശ് തിവാരി പറഞ്ഞു. ഫോറന്‍സിക് സംഘം സംഭവ സ്ഥലം പരിശോധിച്ചു. കൊലപാതകത്തിന് ശേഷമാണ് പ്രതികള്‍ 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള കത്ത് കൈമാറിയത്. മുഖം മറച്ച് സ്കൂട്ടറില്‍ എത്തിയ ആള്‍ കുട്ടിയുടെ വീട്ടില്‍ കത്തിട്ട് പോവുകയായിരുന്നു. കത്തില്‍ 'അല്ലാഹു അക്ബര്‍ എന്നും 'അല്ലാഹുവിൽ വിശ്വസിക്കുക' എന്നും എഴുതിയിരുന്നു. പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതികളെ വിശദമായി ചോദ്യംചെയ്ത ശേഷമേ വ്യക്തമാകൂ എന്ന് ഐജി പറഞ്ഞു. അതേസമയം രചിതയും കുട്ടിയും തമ്മില്‍ അടുപ്പമുണ്ടെന്ന് സംശയിച്ചാണ് കാമുകന്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. മോചനദ്രവ്യം ആവശ്യപ്പെട്ട് എഴുതിയ കത്തിലെ കൈയക്ഷരം പ്രഭാത് ശുക്ലയുടേതാണെന്ന് പൊലീസ് കണ്ടെത്തി.
വിശദമായ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കണമെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു- "കാൺപൂരിൽ ടെക്‌സ്‌റ്റൈൽ വ്യവസായിയുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ, ഒരു പ്രത്യേക സമുദായവുമായി ബന്ധപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെടാനുള്ള ഗൂഢാലോചന ഗൗരവമേറിയ കാര്യമാണ്. അതുവഴി പൊലീസിന്റെ ശ്രദ്ധ തിരിക്കാനുള്ള നീക്കം ഗൗരവത്തോടെ പരിശോധിക്കണം. ഇത്തരത്തിലുള്ള പ്രവണത രാജ്യത്തിനും സമൂഹത്തിനും അങ്ങേയറ്റം അപകടകരമാണ്. കർശന നടപടി സ്വീകരിക്കണം."
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam