സ്ത്രീകളില്‍ ഒരാള്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതോടെ അദ്ദേഹം തിരിച്ച് സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തി. 

നോയിഡ: ഫ്ലാറ്റുകളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതിനെ ചൊല്ലി തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പതിവാണ്. ചിലയിടങ്ങളില്‍ മൃഗങ്ങളെ ലിഫ്റ്റില്‍ കയറ്റുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. മൃഗങ്ങളെയും പക്ഷികളെയുമൊന്നും വളര്‍ത്താനാവില്ലെന്ന് ഫ്ലാറ്റില്‍ അസോസിയേഷന്‍ യോഗം കൂടി തീരുമാനിച്ച സ്ഥലങ്ങളുമുണ്ട്. നോയിഡയിലെ ഒരു അപ്പാര്‍ട്‍മെന്‍റില്‍ വളര്‍ത്തുനായയെ ചൊല്ലിയുള്ള തര്‍ക്കം നിയന്ത്രണം വിട്ട് അടിപിടിയിലെത്തി. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞു.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും രണ്ട് സ്ത്രീകളും തമ്മിലായിരുന്നു തര്‍ക്കം. വളർത്തുനായയെ ലിഫ്റ്റിൽ കയറ്റുന്നതിനെച്ചൊല്ലി ആദ്യം വാക്കേറ്റമുണ്ടായി. പിന്നീട് ഇരുകൂട്ടരും അക്രമാസക്തരായി. നോയിഡയിലെ സെക്ടർ 108 ലാണ് സംഭവം നടന്നത്. 

രണ്ട് സ്ത്രീകൾ അവരുടെ വളർത്തുനായയുമായി ലിഫ്റ്റിൽ കയറി. പിന്നാലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ലിഫ്റ്റ് നിർത്തി അവരോട് നായയുമായി ഇറങ്ങാൻ ആവശ്യപ്പെട്ടു. ലിഫ്റ്റിന്‍റെ വാതില്‍ അടയ്ക്കാന്‍ കഴിയാത്ത വിധത്തിലാണ് ഇദ്ദേഹം നിന്നത്. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ ആദ്യം വാക്കേറ്റമുണ്ടായി. ശേഷം സ്ത്രീകളില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതോടെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ തിരിച്ച് സ്ത്രീകളുടെ ദൃശ്യങ്ങളും പകര്‍ത്തി.

വീണ്ടും അടി, ഡൽഹി മെട്രോയിൽ വയോധികനെ മർദ്ദിച്ച് യുവാവ്, ഇതിനൊരു അവസാനമില്ലേ !– വീഡിയോ

പിന്നാലെ സ്ത്രീകളിലൊരാള്‍ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍റെ ഫോണ്‍ പിടിച്ചുവാങ്ങി. ഉന്തും തള്ളുമായി ഇരുവരും ലിഫ്റ്റിന് പുറത്തെത്തി. രണ്ടാമത്തെ സ്ത്രീ ഈ രംഗങ്ങളെല്ലാം ചിത്രീകരിക്കുന്നുണ്ടായിരുന്നു. അഞ്ച് മിനിട്ടോളം തര്‍ക്കവും കയ്യാങ്കളിയും നീണ്ടുനിന്നു. ഇടയ്ക്ക് നായയുമായി രണ്ടാമത്തെ സ്ത്രീയും പുറത്തിറങ്ങി. അതിനു ശേഷം സ്ത്രീകളിലൊരാളുടെ ഭര്‍ത്താവെത്തി വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചു. അപ്പോഴേക്കും ബഹളം കേട്ട് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. 

അപാര്‍ട്ട്മെന്‍റിലെ സുരക്ഷാ ജീവനക്കാര്‍ എത്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനെ യുവാവില്‍ നിന്ന് രക്ഷിച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പൊലീസ് അന്വേഷിക്കാന്‍ എത്തി. എന്നാല്‍ കേസെടുക്കരുതെന്ന് ഇരു കൂട്ടരും രേഖാമൂലം പൊലീസിന് എഴുതി നല്‍കി. 

Scroll to load tweet…