
ജലന്ധർ: ജാതകം ദോഷം മാറാൻ തന്റെ 13 കാരൻ വിദ്യാർത്ഥിയെ വിവാഹം കഴിച്ച് അധ്യാപിക. ജലന്ധറിലെ ബസ്തി ബാവ ഖേൽ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ജാതക ദോഷം കാരണം തന്റെ വിവാഹം നടക്കില്ലെന്ന് വീട്ടുകാർ ആശങ്കയിലായിരുന്നുവെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു. ജാതക ദോഷം മാറാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രതീകാത്മകമായി വിവാഹം കഴിക്കാൻ ജോത്സ്യൻ നിർദ്ദേശിക്കുകയായിരുന്നു.
ട്യൂഷൻ അധ്യാപികയായ വധുവിന്റെ വിദ്യാർത്ഥിയാണ് 13 കാരൻ. ട്യൂഷന് വേണ്ടി ഒരാഴ്ച തന്റെ വീട്ടിൽ നിർത്തണമെന്നാണ് കുട്ടിയുടെ വീട്ടുകാരോട് അധ്യാപിക പറഞ്ഞത്. വീട്ടിൽ നിന്ന് തിരിച്ചെത്തിയ കുട്ടി നടന്ന സംഭവങ്ങൾ രക്ഷിതാക്കളോട് പറഞ്ഞതോടെയാണ് വിവാഹം പുറംലോകമറിഞ്ഞത്.
കുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അധ്യാപികയും ബന്ധുക്കളും ബലംപ്രയോഗിച്ച് ചടങ്ങുകൾ നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. ഹൽദി-മെഹന്തി ചടങ്ങുകളെല്ലാം വിവാഹത്തോടനുബന്ധിച്ച് നടത്തിയിരുന്നു. വിവാഹം കഴിഞ്ഞതിന് പിന്നാലെ വളകളെല്ലാം ഉടച്ച് അധ്യാപികയെ വിധവയായി പ്രഖ്യാപിച്ചു. തുടർന്ന് ബന്ധുക്കൾ കൂട്ടപ്രാർത്ഥനയും നടത്തി.
അതേസമയം കുട്ടിയുടെ രക്ഷിതാക്കളെ അധ്യാപികയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു. എന്നാൽ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam