കൂടംതറവാട്ടിലെ ദുരൂഹമരണം: വീണ്ടും ട്വിസ്റ്റ്, സഹദേവനും മരുമകനും കൂറുമാറി, നുണപരിശോധനയ്ക്ക് സമ്മതമല്ല

Published : Jun 12, 2023, 09:57 AM IST
കൂടംതറവാട്ടിലെ ദുരൂഹമരണം: വീണ്ടും ട്വിസ്റ്റ്, സഹദേവനും മരുമകനും കൂറുമാറി, നുണപരിശോധനയ്ക്ക് സമ്മതമല്ല

Synopsis

ജയമാധവൻ നായർ തയ്യാറാക്കിയതായി പറയുന്ന വിൽപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പങ്കിട്ടെടുത്തത്. ജയമാധവൻ നായരുടെ മരണം കാരണം തലക്കടിയേറ്റതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങിയത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൂടം തറവാടിലെ അവസാന കണ്ണിയായ ജയമാധവൻ നായരുടെ ദുരൂഹ മരണത്തിൽ വീണ്ടും വഴിത്തിരിവ്. നുണപരിശോധനക്ക് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതം അറിയിച്ചിരുന്ന കൂടം തറവാട്ടിലെ ജോലിക്കാരായിരുന്ന സഹദേവനും മരുമകൻ സെന്തിലും കോടതിയിൽ കൂറുമാറി. തലക്ക് പരിക്കേറ്റ ജയമാധവൻ നായരെ ആശുപത്രിയിലെത്തിക്കാൻ ബോധപൂർവ്വം വൈകിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കെയാണ് കൂറുമാറ്റം. 

കോടികളുടെ ആസ്തിയുണ്ടായിരുന്ന കൂടംതറവാട്ടിൽ പലകാലത്ത് ഉണ്ടായ പല മരണങ്ങളും സംശയ നിഴലിലാണ്. തറവാട്ടിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ മരണത്തിലുമുണ്ടായത് വലിയ ദുരൂഹതയാണ്. മരണത്തിന് പിന്നാലെ വസ്തു വകകള്‍ കാര്യസ്ഥന്റെ
വീട്ടുജോലിക്കാരുടെയും അകന്ന ചില ബന്ധുക്കളുടെയും പേരിലേക്കായി. ജയമാധവൻ നായർ തയ്യാറാക്കിയതായി പറയുന്ന വിൽപത്രത്തിന്റെ  അടിസ്ഥാനത്തിലാണ് സ്വത്തുക്കൾ പങ്കിട്ടെടുത്തത്. ജയമാധവൻ നായരുടെ മരണം കാരണം തലക്കടിയേറ്റതാണെന്ന് പൊലീസ് കണ്ടെത്തിയതോടെയാണ് പ്രത്യേക സംഘം വിശദമായ അന്വേഷണം തുടങ്ങിയത്. 

കൈവീശിയടിച്ചു, അസഭ്യം പറഞ്ഞു; തലശ്ശേരി ജനറൽ ആശുപത്രിയിൽ രോഗി ഡോക്ടറെ ആക്രമിച്ചതായി പരാതി

കൂടം തറവാട്ടിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് കാര്യസ്ഥൻ രവീന്ദ്രൻ നായരാണ്. തലക്ക് പരിക്കേറ്റ് നിലത്തു കിടന്ന ജയമാധവൻ നായരെ വീട്ടിലെ ജോലിക്കാരനായ സഹദേവന്റെയും മരുമകൻ സെന്തിലിന്റെയും സഹായത്തോടെ ഒരു ഓട്ടോ പിടിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചുവെന്നാണ് രവീന്ദ്രൻ പൊലീസിനോട് പറഞ്ഞത്. ആശുപത്രിയിലെത്തിയിപ്പോള്‍ ജയമാധവൻ മരിച്ചിരുന്നു. 

മൊഴിയിൽ പറഞ്ഞ ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തതോടെ ദുരൂഹത കൂടി. ജയമാധവൻ നായരെ ആശുപത്രിയിലെത്തിച്ചതായി മൊഴി നൽകിയാൽ കാര്യസ്ഥൻ പണം വാഗ്ദാനം ചെയ്തിരുന്നുവെന്നായിരുന്നു ഓട്ടോ ഡ്രൈവർ സുമേഷ് ജില്ലാ ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴി. തന്റെ ഓട്ടോയിലല്ല ജയമാധവൻ നായരെ കൊണ്ടുപോയതെന്നും സുമേഷ് മൊഴി നൽകി. അപ്പോള്‍ ഏതു വാഹനത്തിലാണ് കൊണ്ടുപോയത്, എന്തുകൊണ്ട് സമീപത്തെ ഒരു ആശുപത്രിയിലേക്ക് ജയമാധവൻ നായരെ കൊണ്ടുപോകാതെ കരമനയിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു തുടങ്ങി ചോദ്യങ്ങള്‍ പൊലീസിന് കണ്ടെത്തേണ്ടതായി ഉണ്ടായിരുന്നു. 

കോളിളക്കം സൃഷ്ടിച്ച കേസ് മാസങ്ങളായി അനക്കമില്ലാതെ കിടക്കുന്നത് 'ചുരുളഴിയാതെ' എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ഇതിനുശേഷം കൂടംതറവാട്ടിലെ ജോലിക്കാരനായ സഹദേവനെയും മരുമകനെയും ജില്ലാ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്തു. സുമേഷിൻെറ ഓട്ടോയിലാണ് ജയമാധവൻ നായരെ കൊണ്ടുപോയതെന്നും നുണപരിശോധനക്ക് തയ്യാറാണെന്ന് ഇരുവരും അന്വേഷണ ഉദ്യോഗസ്ഥനായ അസി.കമ്മീഷണ‌ർ വിജുകുമാറിനെ രേഖാമൂലം അറിയിച്ചു. പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന മൊഴി നൽകിയ സുമേഷും സമ്മതം അറിയിച്ചു. പക്ഷെ കോടതി വിളിപ്പിച്ചപ്പോള്‍ സഹദേവനും സെന്തിലും നുണപരിശോധനക്ക് വിസമ്മതിച്ചു. ഓട്ടോ ഡ്രൈവർ സുമേഷ് മാത്രം സമ്മതം അറിയിച്ചു. ജയമാധവനെ ആശുപത്രിയിലെത്തിച്ച സമയവും, സാക്ഷികൾ ഓട്ടോവിളിച്ചതായി പറയുന്ന സമയവും തമ്മിലും പൊരുത്തകേടുണ്ട്. പ്രധാന സാക്ഷികൾ മൊഴിമാറിയതോടെ ജയമാധവൻ നായരുടെ ദുരൂഹമരണത്തിൽ സംശയങ്ങൾ ബലപ്പെടുന്നു.  

 

 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ